ഹാര്‍ദ്ദിക്ക് ടീം ഇന്ത്യയില്‍ ഇനി ബൗളറല്ല, പുതിയ റോള്‍ പ്രഖ്യാപിച്ച് ബിസിസിഐ
യുഎഇയില്‍ ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ പൂര്‍ണമായും ഫിറ്റല്ലാത്ത ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പരാതികളാണല്ലോ ഉയര്‍ന്നത്. പന്ത് ചെയ്യാന്‍ കഴിയാത്ത ഹാര്‍ദ്ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് എന്തിനെന്നാണ് ആരാധകര്‍ ചോദിച്ചത്. ഇപ്പോഴതാ ടി20 ലോകകപ്പില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ റോള്‍ എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ.
ഹാര്‍്ദ്ദിക്ക് പാണ്ഡ്യയ്ക്ക് ടി-20 ലോകകപ്പില്‍ ഫിനിഷറുടെ റോള്‍ ആണ് ഉളളതെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. 100 ശതമാനം മാച്ച് ഫിറ്റല്ലാത്തതിനാല്‍ ഹര്‍ദ്ദിക് പന്തെറിയില്ല. അതിനാല്‍ എംഎസ് ധോണിയെപ്പോലെ ഒരു ഫിനിഷറുടെ റോളാണ് ഹര്‍ദ്ദിക്കിനു നല്‍കുക. ഹര്‍ദ്ദിക്കിന്റെ ബൗളിംഗ് നിരീക്ഷിച്ച് സാവധാനത്തില്‍ തീരുമാനം എടുക്കുമെന്നും ബിസിസിഐ പ്രതിനിധി അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതെസമയം ടി20 ലോകകപ്പിനായുള്ള ഇന്ത്യയുടെ അന്തിമ ടീമില്‍ കഴിഞ്ഞ ദിവസം ബിസിസിഐ മാറ്റം വരുത്തിയിരുന്നു. റിസര്‍വ്വ് ടീമിലുണ്ടായിരുന്ന ഷാര്‍ദുല്‍ താക്കൂര്‍ പ്രധാന ടീമിലെത്തിയപ്പോള്‍ പ്രധാന ടീമിലുണ്ടായിരുന്ന അക്‌സര്‍ പട്ടേല്‍ സ്റ്റാന്‍ഡ് ബൈ നിരയിലേക്ക് മാറി. എ്ന്നാല്‍ യുസ്വേന്ദ്ര ചഹാലിനെ ടീമില്‍ പരിഗണിച്ചില്ല.
ഐപിഎലില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഷാര്‍ദ്ദുലിനു തുണയായത്. എന്നാല്‍, ഐപിഎലില്‍ അത്ര തന്നെ മികവോടെ പന്തെറിഞ്ഞ അക്‌സറിനെ റിസര്‍വ് നിരയിലേക്ക് മാറ്റിയത് അമ്പരപ്പിക്കുന്നതായി. ഏറെക്കാലമായി പന്തെറിയാത്ത ഹര്‍ദ്ദിക് പാണ്ഡ്യയെ ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. ഒക്ടോബര്‍ 23 മുതലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 24ന് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും നവംബര്‍ 14ന് ഫൈനലും നടക്കും.