ഹാര്‍ദ്ദിക്ക് ഇനി പുതിയ റോള്‍, അക്കാര്യം തന്നോട് സമ്മതിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ നായകന്‍

Image 3
CricketTeam India

മൂന്ന് ഫോര്‍മാറ്റിലും മികച്ച ഓള്‍ റൗണ്ടറായി മാറുവാന്‍ ഹാര്‍ദ്ദിക്ക് അടുത്ത ആറ് മുതല്‍ എട്ട് മാസം വരെ എന്ത് വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് തന്നോട് സമ്മതിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. കഴിഞ്ഞ ഒരു വര്‍ഷത്തോളം ബൗള്‍ ചെയ്യാതെ വിട്ടുനിന്ന ഹാര്‍ദ്ദിക്ക് ഇതോടെ ഇനി സ്ഥിരമായി പന്തെറിയാനും തുടങ്ങും.

ഹാര്‍ദ്ദിക് ഇന്ത്യയ്ക്കായി മൂന്ന് ഓവറുകളോളം ഇപ്പോള്‍ എല്ലാ മത്സരത്തിലും എറിയുന്നുണ്ട്. പന്തെറിയാന്‍ താന്‍ സന്നദ്ധനാണെന്ന് അദ്ദേഹം ടീം ഇന്ത്യയെ അറിയിച്ച് കഴിഞ്ഞു. അതിന് അദ്ദേഹത്തിന് താന്‍ അഭിനന്ദനം അറിയിക്കുന്നുവെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ ടീമിന് ആവശ്യമായ ഓള്‍റൗണ്ടറായി മാറുവാന്‍, അതും മൂന്ന് ഫോര്‍മാറ്റിലും, താന്‍ എന്ത് വേണമെങ്കിലും അടുത്ത് ആറ് മുതല്‍ എട്ട് മാസത്തില്‍ ചെയ്യാന്‍ തയ്യാറാണെന്ന് ഹാര്‍ദ്ദിക് ടീം മാനേജ്‌മെന്റിനോട് സമ്മതിച്ചിട്ടുണ്ടെന്നും കോഹ്‌ലി പറഞ്ഞു.

ഹാര്‍ദ്ദിക്കിന് രണ്ട് മുതല്‍ നാല് ഓവര്‍ വരെ സ്ഥിരമായി എറിയുവാന്‍ സാധിക്കുകയാണെങ്കില്‍ അത് ടീം ഇന്ത്യയ്ക്ക് ഗുണകരമാകും. അങ്ങനെയെങ്കില്‍ ഹാര്‍ദ്ദിക്ക് ടീമിലുളളപ്പോള്‍ ഇന്ത്യയ്ക്ക് ഒരു ബാറ്റ്‌സ്മാനെ അധികം ഉപയോഗിക്കുവാനാകും സാധിക്കും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓള്‍ റൗണ്ടറായി അരങ്ങേറിയ ഹാര്‍ദ്ദിക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ബൗളിംഗില്‍ നിന്ന് വിട്ട് നിന്ന് ബാറ്റിംഗില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചത്.