കൂവി ഓടിച്ചവരെ കൊണ്ട് ചാന്റ് വിളിപ്പിച്ചു, ഇത് ഹാര്‍ദ്ദിക്കിന്റെ മധുര പ്രതികാരം

Image 3
CricketFeaturedTeam India

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായെത്തിയ ഹാര്‍ദ്ദിക്കിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത അപമാനമായിരുന്നു. ലീഗിലെ ഓരോ മത്സരത്തിലും ഹാര്‍ദ്ദിക്കിനെ ആരാധകര്‍ കൂവിയോടിക്കുകയായിരുന്നു. ഇതോടെ മനസികമായി തകര്‍ന്ന് പോയ ഹാര്‍ദ്ദിക്ക് ഐപിഎല്ലില്‍ ദുരന്തമായി മാറുകയും ചെയ്തിരുന്നു.

എന്നാല്‍ ടി20 ലോകകപ്പില്‍ ഹാര്‍ദ്ദിക്ക് തന്റെ പഴയ പ്രതാപം തിരിച്ചുപിടിച്ചു. ഇന്ത്യയെ വിശ്വ വിജയാക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ഹാര്‍ദ്ദിക്ക് വഹിച്ചത്. ഇതോടെ ഹാര്‍ദ്ദിക്ക് നാഷ്ണല്‍ ഹീറോ ആയി മാറുകയും ചെയ്തു.

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി മുംബൈ വാംഖഡെ സ്റ്റേഡിയത്തിലൊരുക്കിയ സ്വീകരണച്ചങ്ങ് കാണാനെത്തിയ ആരാധകരാണ് വാംഖഡെയില്‍ വീണ്ടും ഹാര്‍ദ്ദിക്…ഹാര്‍ദ്ദിക് ചാന്റ് വിളികള്‍ ആണ് മുഴക്കിയത്. ഇത് ഹാര്‍ദ്ദിക്കിനുളള ആദരവായി മാറി. ഒപ്പം മധുര പ്രതികാരവും.

നേരത്തെ ഐപിഎല്ലില്‍ ഹാര്‍ദ്ദിക് ടോസിനായി ഇറങ്ങുമ്പോഴും ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോഴുമെല്ലാം ആരാധകര്‍ കൂവി അപമാനിച്ചിരുന്നു. പലപ്പോഴും ആരാധകരുടെ കൂവല്‍ കാരണം അവതാരകര്‍ക്ക് പോലും കൂവല്‍ നിര്‍ത്തണമെന്ന് അപേക്ഷിക്കേണ്ടി വന്നു. അവിടെ നിന്നാണ് ഹാര്‍ദ്ദിക്കിന്റെ ഈ മെയ്‌ക്കോവര്‍.

ടി20 ലോകകപ്പ് ഫൈനലില്‍ അവസാന ഓവര്‍ എറിഞ്ഞത് ഹാര്‍ദ്ദിക്കായിരുന്നു. 16 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹാര്‍ദ്ദിക്കിന്റെ ആദ്യ പന്തില്‍ തന്നെ ഡേവിഡ് മില്ലറെ ലോംഗ് ഓഫ് ബൗണ്ടറിയില്‍ സൂര്യകുമാര്‍ യാദവ് പിടിച്ചതോടെയാണ് ഇന്ത്യ ലോകകിരീടം ഉറപ്പിച്ചത്. അതേ ഓവറില്‍ കാഗിസോ റബാഡയെക്കൂടി പുറത്താക്കിയ ഹാര്‍ദ്ദിക് മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി.