‘ഈ ലോകകപ്പിലെ യുവരാജാണ് ഹർദിക്’; ഓൾ റൗണ്ടറെ വാനോളം പുകഴ്ത്തി മലയാളി സൂപ്പർതാരം

Image 3
CricketTeam IndiaWorldcup

യുവരാജ് സിംഗ് 2011 ഏകദിന ലോകകപ്പിൽ എന്താണോ ചെയ്തത് അത് ഈ ലോകകപ്പിൽ ചെയ്യാൻ കെൽപ്പുള്ള താരമാണ് ഹാർദിക് പാണ്ഡ്യ എന്ന് മലയാളി സൂപ്പർതാരം എസ്. ശ്രീശാന്ത്. കുറച്ചു വർഷങ്ങളായുള്ള ഇന്ത്യയുടെ ഐസിസി കിരീട വരൾച്ച അവസാനിപ്പിക്കാൻ ഹാർദിക്കിന്റെ ഓൾറൗണ്ടർ മികവ് നിർണായകമാണെന്നും ശ്രീശാന്ത് പറയുന്നു.

2024 ഐപിഎല്ലിൽ തിളങ്ങാൻ കഴിയാതിരുന്ന ഹാർദിക്, ലോകകപ്പിൽ നിർണായക സമയത്ത് ബാറ്റുകൊണ്ടും, പന്തുകൊണ്ടും, ഒരുപോലെ മികച്ച പ്രകടനം നടത്തി വിമർശകർക്ക് ചുട്ടമറുപടിയാണ് നൽകിയത്. ഈ ലോകകപ്പിൽ ടീം ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാളും ഹാർദിക് പാണ്ട്യയാണ്. ഇതുവരെ ആറു മത്സരങ്ങളിൽ നിന്നായി 116 റൺസ് നേടിയ താരം, നിർണായകമായ 8 വിക്കറ്റുകളും വീഴ്ത്തി.

ഇന്ത്യ- ഓസ്ട്രേലിയ മത്സരശേഷമുള്ള അവലോകനത്തിൽ സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കവെ, ശ്രീശാന്ത് ഹാർദിക്കിന്റെ പ്രാധാന്യം വിശദീകരിച്ചു.

“രോഹിത് ശർമ്മ അഭിപ്രായപ്പെട്ടത് പോലെ, ഹാർദിക് ടീം ഇന്ത്യയിലെ ഏറ്റവും പ്രധാന കളിക്കാരിൽ ഒരാളാണ്. 2011 ലോകകപ്പിൽ യുവരാജ് സിംഗ് ടീമിന് വേണ്ടി എന്താണോ ചെയ്തത്, അത് ഈ ലോകകപ്പിൽ ടീമിന് വേണ്ടി ചെയ്യാൻ കഴിവുള്ളവനാണ് ഹാർദിക്. വെസ്റ്റ് ഇൻഡീസിൽ രോഹിത് കപ്പുയർത്തിയാൽ അതിൽ ഹർദികിന്റെ പങ്ക് നിർണായകമായിരിക്കും.”

ജൂൺ 27 ന് നിർണായകമായ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. മറ്റൊരു സെമിഫൈനൽ മത്സരത്തിൽ ടൂർണമെന്റിന്റെ കറുത്തകുതിരകളായി മാറിയ അഫ്ഗാൻ – ദക്ഷിണാഫ്രിക്കയെ നേരിടും.