റെയ്‌നക്ക് പുറമെ മറ്റൊരു സൂപ്പര്‍ താരം കൂടി പിന്മാറുന്നു, ചെന്നൈയ്ക്ക് കനത്ത തിരിച്ചടി

Image 3
CricketIPL

ഐപിഎല്ലില്‍ പുതിയ സീസണിന് ഒരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തേടി തിരിച്ചടികള്‍ ഒഴിയുന്നില്ല. ചെന്നൈ ഉപനായകന്‍ സുരേഷ് റെയ്‌ന വ്യക്തിപരമായ കാരണം മൂലം ഐപിഎല്ലില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ മറ്റൊരു താരം കൂടി ഇത്തവണത്തെ ഐപിഎല്‍ കളിച്ചേക്കില്ല.

മുന്‍ ഇന്ത്യന്‍ താരവും സ്പിന്‍ ഇതിഹാസവുമായ ഹര്‍ഭജന്‍ സിംഗ് ആണ് ഈ സീസണില്‍ ഐപിഎല്ലില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുന്നത്. ഹര്‍ഭജന്‍ ഐ.പി.എല്ലില്‍ നിന്നു പിന്മാറാനിടയുണ്ടെന്ന് അടുത്ത സുഹൃത്താണ് ഇന്‍സൈഡ് സ്‌പോര്‍ട്ടിനോടു വെളിപ്പെടുത്തിയത്.

യു.എ.ഇയിലെത്തിയ ചെന്നെ ടീമിനൊപ്പം ഹര്‍ഭജന്‍ ഇല്ലായിരുന്നു. ചെന്നൈയില്‍ നടന്ന ക്യാമ്പില്‍ നിന്നും ഹര്‍ഭജന്‍ വിട്ടു നിന്നിരുന്നു. സഹതാരങ്ങള്‍ക്ക് കോവിഡ് കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹര്‍ഭജന്‍ ടീമിനൊപ്പം ചേരാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതായാണ് വിവരം.

യു.എ.ഇയിലെത്തിയ യുസ്‌വേന്ദ്ര ചാഹല്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കും സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. റെയ്‌നയ്‌ക്കൊപ്പം ഹര്‍ഭജന്‍ കൂടി പിന്‍മാറുകയാണെങ്കില്‍ അതു ചെന്നെയ്ക്ക് കനത്ത തിരിച്ചടിയാവും സമ്മാനിക്കുക.

സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക. നവംബര്‍ 10-നാണ് ഫൈനല്‍.