ആര്‍ക്കും കീഴ്‌പ്പെടുത്താന്‍ പറ്റാത്തവര്‍ എന്ന് കരുതിയവരെ നിലംപരിശാക്കിയവനാണ് അവന്‍, സായിപ്പന്മാരുടെ കരണംപുകച്ചവന്‍

Image 3
CricketTeam India

പ്രണം കൃഷ്ണ

മുത്തയ്യ മുരളീധരന്‍ തന്റെ വിരമിക്കല്‍ പത്രസമ്മേളനത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും അധികം വിക്കറ്റുകള്‍ നേടിയ കളിക്കാരന്‍ എന്ന തന്റെ പേരിലുള്ള റെക്കോഡ് ഇപ്പോ കളിച്ച് കൊണ്ടിരിക്കുന്ന ഏതേലും ഒരു ബോളര്‍ മറികടക്കുമോ എന്ന ചോദ്യത്തിന് അന്ന് നല്‍കിയ ഉത്തരം ഹര്‍ഭജന്‍ സിംഗ് എന്ന പേരായിരിന്നു.

എണ്ണൂറ് എന്ന മാന്ത്രിക സംഖ്യ ഒന്നും തികച്ചില്ലെങ്ങിലും കുംബ്ലെയുടെ പേരിലുള്ള 619 വിക്കറ്റുകളെന്ന ഇന്ത്യന്‍ താരത്തിന്റെ പേരിലുള്ള റെക്കോഡെങ്കിലും എന്തായാലും 355 വിക്കറ്റുകള്‍ അന്ന് പേരിലുണ്ടായിരുന്ന മുപ്പതുകാരനായ ഹര്‍ഭജന്‍ മറികടക്കും എന്നതില് വലിയ സംശയവുമുണ്ടായിരുന്നില്ല.

എന്നാല് ഫോം നഷ്ടപ്പെട്ടതിനെയും, അതേ സമയത്ത് തന്നെ അശ്വിനെ പോലുള്ള സ്പിന്നര്‍മാര്‍ ഉയര്‍ന്നുവന്നതിനാലും 417 വിക്കറ്റുകളുമായി തിരശ്ശീലയ്ക്ക് പിറകിലേക്ക് മായാനായി പോയി ഒരു പതിറ്റാണ്ട് കാലത്തോളം ഇന്ത്യന്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കുന്തമുന ആയിരുന്ന ഹര്‍ഭജന്റെ വിധി.

പക്ഷേ അപ്പോഴും 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 417 വിക്കറ്റുകള്‍ എന്ന സ്റ്റാറ്റ്‌സ് ഏതൊരു ബോളറേയും ഭ്രമിപ്പിക്കുന്ന ഫിഗറുകള്‍ തന്നെയാണ്.

ഈ കരിയര്‍ സ്റ്റാറ്റ്‌സുകള്‍ക്കും അപ്പുറമായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ക്ക് ഭാജി എന്ന വികാരം. 2000 മുതല് 2010 വരെയുള്ള കാലഘട്ടത്തിലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഏതാണ്ട് എല്ലാ ചരിത്രപരമായ നേട്ടങ്ങളിലും ഹര്‍ഭജന്‍ എന്ന പ്ലേയറുടെ എന്തേലും ഒരു സംഭാവന ഉണ്ടായിരുന്നു.

ആര്‍ക്കും കീഴ്‌പ്പെടുത്താന്‍ പറ്റാത്തവര്‍ എന്ന് വിധി എഴുതിയ 2000ങ്ങളിലെ സ്റ്റീവ്വോയെയും സംഘത്തെയും മുട്ടുകുത്തിച്ച് സൗരവ് ഗാംഗുലി എന്ന ഇന്ത്യന്‍ നായകന്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഉയര്‍ത്തുമ്പോള്‍, ആ സീരീസില്‍ 32 വിക്കറ്റുകള്‍ നേടി പ്ലേയര്‍ ഓഫ് ദ് സീരീസ് ആയി മാറിയ ഹര്‍ഭജന്‍ സിംഗ് എന്ന ഇരുപത്തിയൊന്നുകാരന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ എന്നന്നത്തേക്കുമായി സ്ഥിര പ്രതിഷ്ഠ നേടി കഴിഞ്ഞിരുന്നു. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി 2006ല്‍ ഒരു ഇന്ത്യന്‍ സംഘം രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ വെസ്റ്റ്ഇന്‍ഡീസില്‍ പരമ്പര വിജയം നേടുന്നത് കിങ്സ്റ്റണിലെ ഹര്‍ഭജന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ പുറത്തായിരുന്നു. ധോണിയുടെ ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത് എത്തുന്നതിലും ഹര്‍ഭജന്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ആ ഇന്ത്യന്‍ സംഘം നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2008ല്‍ ന്യൂസിലാന്‍ഡില്‍ പരമ്പര വിജയം നേടുന്നതും ഹാമില്‍ട്ടണിലെ ഹര്‍ഭജന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ കരുത്തിലായിരിന്നു

ഇന്ത്യയിലെ കുഴി കുത്തിയ പിച്ചില്‍ മാത്രം പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന ഒരു സ്പിന്നര്‍ എന്ന സായിപ്പിന്റെ വിമര്‍ശനങ്ങള്‍ക്ക് ഹര്‍ഭജന്‍ കിങ്സ്റ്റനിലും, ഡര്‍ബനിലും, ഹാമില്‍ട്ടനിലും ഒക്കെ തന്റെ സ്പിന്‍ മാന്ത്രികതയിലൂടെ മറുപടി നല്‍കുന്നുമുണ്ട്.
2007 ഠ20 ലോകകപ്പും, 2011 ഏകദിന ലോകകപ്പും നേടിയ സ്‌ക്വാഡില്‍ അംഗമായിരുന്ന ഹര്‍ഭജന്‍ ഏകദിന ക്രിക്കറ്റില്‍ 236 മത്സരങ്ങില്‍ നിന്നായി 269 വിക്കറ്റുകളും രാജ്യത്തിനായി നേടിയിട്ടുണ്ട്.

ചെറുപ്പത്തില്‍ ബാറ്റ്‌സ്മാന്‍ ആകാനായി ആഗ്രഹിച്ച ഹര്‍ഭജന്‍ പില്‍ക്കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ഒരേയൊരു എട്ടാം നമ്പര്‍ ബാറ്റ്‌സ്മാനായും മാറുന്നുണ്ട്. അതേ ഹര്‍ഭജന്‍ തന്നെ ഠ20 ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തി കാണികളെ ആവേശ കൊടുമുടിയില് എത്തിക്കുകയും ചെയ്തിട്ടുണ്ട്.

മങ്കി ഗേറ്റും, ശ്രീശാന്തിന്റെ മുഖത്തടിയും ഉള്‍പ്പെടെ കളിക്കളത്തിനകത്തും, പുറത്തും കരിയറിലുടനീളം പല വിവാദങ്ങളിലും ഹര്‍ഭജന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും ഹര്‍ഭജന്‍ എന്ന പ്ലെയറോടുള്ള ഇഷ്ടത്തില്‍ യാതൊരു കുറവും വരുത്തിയിട്ടുമില്ല.
നയിന്റീസ് കിഡ്സിന്റെ നൊസ്റ്റാള്‍ജിയകളില്‍ ഒന്നായ ആ തലേല്‍കെട്ടുക്കാരനായ ഹര്‍ഭജന്‍ സിംഗിന്, ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം ഭാജിക്ക് ജന്മദിനാശംസകള്‍.

കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്