നിര്‍ണ്ണായക നാലാം ടി20യ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം ടി20ക്ക് മുമ്പ് ഇന്ത്യന്‍ ക്യാമ്പിനെ തേടി ഒരു ആവേശവാര്‍ത്ത. മൂന്നാം ടി20യില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫ്‌ളോറിഡയില്‍ പരിശീലനം പുനരാരംഭിച്ചു. രോഹിത് നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്ന ചിത്രം ബിസിസിഐ ആണ് പങ്കുവെച്ചത്. ഇതോടെ നാലാം ടി20യില്‍ രോഹിത്ത് കളിയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായി.
മൂന്നാം ടി20യില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത രോഹിത് 5 പന്തില്‍ 11 റണ്‍സെടുത്തു നില്‍ക്കെയാണ് കടുത്ത പുറം വേദനമൂലം ക്രീസ് വിട്ടത്. പിന്നീട് ബാറ്റിംഗിന് ഇറങ്ങിയതുമില്ല. മത്സരശേഷം പരിക്ക് ഗുരുതരമല്ലെന്ന് രോഹിത് വ്യക്തമാക്കിയിരുന്നെങ്കിലും ആരാധകരുടെ ആശങ്ക ഒഴിഞ്ഞിരുന്നില്ല.
Rohit bats, Rishabh watches 👀#TeamIndia | #WIvIND | @ImRo45 | @RishabhPant17 pic.twitter.com/1twNyIrvhF
— BCCI (@BCCI) August 5, 2022
രോഹിത്തിന്റെ പരിക്ക് ഭേദമായില്ലെങ്കില്‍ ഇഷാന്‍ കിഷനോ മലയാളി താരം സഞ്ജു സാംസണോ പകരം ഓപ്പണറായി ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിര്‍ണായക മത്സരത്തിന് മുമ്പ് രോഹിത് കായിക്ഷമത തെളിയിച്ചത് ഇന്ത്യക്ക് ആശ്വാസവാര്‍ത്തയായി.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ 64 റണ്‍സടിച്ച് തിളങ്ങിയ രോഹിത്തിന് പക്ഷെ രണ്ടാം മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായിരുന്നു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്.
ആദ്യ മത്സരത്തില്‍ ഇന്ത്യ ആധികാരിക ജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് അവസാന ഓവറില്‍ ജയിച്ചു കയറി. മൂന്നാം മത്സരത്തില്‍ ശക്തമായി തിരിച്ചുവന്ന ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി.