കൈതകര്‍ന്നിട്ടും ഒറ്റകൈ കൊണ്ട് ബാറ്റ് ചെയ്തു, ടീമിന് വേണ്ടി നായകന്റെ ത്യാഗം, കൈയ്യടിക്കാ

രഞ്ജി ട്രോഫിയില്‍ അസാമാന്യ പോരാട്ട വീര്യം പുറത്തെടുത്ത് ആന്ധ്ര പ്രദേശ് നായകനും ഇന്ത്യന്‍ താരവുമായ ഹനുമ വിഹാരി. കൈക്ക് ഗുരുതരമായി പരിക്കേറ്റ വിഹാരി ഒറ്റകൈ കൊണ്ട് ക്രീസിലെത്തി ബാറ്റ് ചെയ്താണ് ഞെട്ടിച്ചത്.

മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിലാണ് വിഹാരിയുടെ അസാമാന്യ പോരാട്ട വീര്യം. ആദ്യം ബാറ്റുചെയ്ത ആന്ധ്രയ്ക്ക് വേണ്ടി വണ്‍ഡൗണായിട്ടാണ് വിഹാരി ബാറ്റിംഗിന് ഇറങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ പന്തുകൊണ്ട് ഇടം കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇതോടെ ടീമിന്റെ നായകന്‍ കൂടിയായ വിഹാരി റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. എന്നാല്‍ 344 റണ്‍സില്‍ ഒന്‍പതാം വിക്കറ്റ് വീണതോടെ വിഹാരി വീണ്ടും ക്രീസിലെത്തുകയായിരുന്നു. ഇടംകൈ കൊണ്ട് ബാറ്റില്‍ പിടിക്കാന്‍ പോലും പറ്റാത്ത സാഹചര്യമായിരുന്നതിനാല്‍ വിഹാരി ബാറ്റിംഗ് പൊസിഷന്‍ പോലും മാറ്റി.

വലംകൈയന്‍ ബാറ്റ്സ്മാനായ വിഹാരി ഇടംകൈയനായിട്ടാണ് ബാക്കിയുള്ള ബാറ്റിംഗ് പൂര്‍ത്തിയാക്കിയത്. പത്താം വിക്കറ്റില്‍ ലളിത് മോഹനുമായി ചേര്‍ന്ന് 26 റണ്‍സിന്റെ നിര്‍ണായകമായ കൂട്ടുകെട്ടുണ്ടാക്കാനും വിഹാരിക്ക് സാധിച്ചു. ഒടുവില്‍ സരന്‍സ് ജൈനിന്റെ പന്തില്‍ എല്‍ബി വിക്കറ്റില്‍ കുടുങ്ങുകയായിരുന്നു വിഹാരി. 57 പന്തില്‍ അഞ്ച് ഫോറടക്കം 27 റണ്‍സാണ് വിഹാരി നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 379 റണ്‍സാണ് എടുത്തത്. സെഞ്ച്വറി നേടി വിക്കറ്റ് കീപ്പര്‍ റിക്കി ബായും (149), കരണ്‍ ഷിണ്ഡെയുമാണ് (110) ആന്ധ്രയ്ക്ക് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.

You Might Also Like