ചാമ്പ്യൻസ്‌ലീഗ് ഗോൾ വേട്ടയിൽ സിദാനെയും റൊണാൾഡോയെയും മറികടന്ന് ഹാളണ്ട്, ഗോൾഡൻ ബോയ് കുതിക്കുകയാണ് 

അടുത്തിടെ 2020 ഗോൾഡൻ ബോയ് ആയി  തിരഞ്ഞെടുക്കപ്പെട്ട വളർന്നു വരുന്ന  സൂപ്പർതാരമാണ് നോർവീജിയൻ യുവതാരമായ എർലിംഗ് ഹാളണ്ട്. സുവർണതലമുറയിലെ പുതു വാഗ്ദാനമാണ് താനെന്നു അടിവരയിടുന്ന പ്രകടനം  തുടർന്നു കൊണ്ടിരിക്കുകയാണ് ഈ ഇരുപതുകാരൻ. ഇന്നു പുലർച്ചെ നടന്ന ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ ഇരട്ട ഗോളുകളോടെ തകർപ്പൻ പ്രകടനമാണ് ഹാളണ്ട് പുറത്തെടുത്തത്.

ബെൽജിയൻ ക്ലബ്ബായ ക്ലബ്ബ് ബ്രഗ്ഗെയുമായി നടന്ന മത്സരത്തിൽ സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഡോർട്മുണ്ട് വിജയം സ്വന്തമാക്കിയത്. ഇരട്ട ഗോളുകൾ നേടിയതോടെ മറ്റൊരു നേട്ടത്തിനു കൂടി ഉടമയായിരിക്കുകയാണ് ഹാളണ്ട്. യൂറോപ്യൻ കോമ്പറ്റിഷനിൽ  ഗോൾ വേട്ടയിൽ ഇതിഹാസതാരങ്ങളായ ബ്രസീലിയൻ റൊണാൾഡോ നസാരിയോയേയും സിനദിൻ സിദാനെയും മറികടന്നിരിക്കുകയാണ് ഈ ഇരുപതുകാരൻ.

വെറും 12 മത്സരങ്ങളിൽ നിന്നും 16 ഗോളുകളാണ് ഹാളണ്ട് ഇതിനകം തന്നെ അടിച്ചു കൂട്ടിയിരിക്കുന്നത്. ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോക്ക്  യൂറോപ്യൻ കോമ്പറ്റിഷനുകളിൽ ആകെ   പതിനാലു ഗോളുകൾ മാത്രമാണ് തന്റെ കരിയറിൽ സ്വന്തമാക്കാനായത്. റൊണാൾഡോക്കൊപ്പം ഫ്രഞ്ച് മധ്യനിരതാരമായ സിനദിൻ സിദാനും പതിനാലു ഗോളുകളാണ് ആകെ നേടിയിട്ടുള്ളത്. ഈ രണ്ടു ഇതിഹാസങ്ങളെയാണ് വെറും ഇരുപതു വയസിൽ തന്നെ ഹാളണ്ട് മറികടന്നത്.

ഡേവിഡ് വിയ്യയും മിറോസ്ലോവ് ക്ളോസേയും 14 ഗോളുകളുമായി സിദാനും റൊണാൾഡോക്കുമൊപ്പമുണ്ട്. ഒപ്പം കാർലോസ് ടെവസ്,ഒലിവർ ജിറൂഡ്‌(13) മൈക്കൽ ഓവൻ, ഡിയെഗോ കോസ്റ്റ(11), ക്രിസ്ത്യൻ വിയേരി(10)ഡെന്നിസ് ബെർക്ഹാംപ് (7) എന്നിവർക്കും മുകളിലാണ് ഹാളണ്ടിന്റെ സ്ഥാനമെന്നത് ഈ ഇരുപതുകാരന്റെ ഗോളടി മികവ് വിളിച്ചോതുന്നു. ചാമ്പ്യൻസ്‌ലീഗിൽ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരായി ക്രിസ്ത്യാനോ റൊണാൾഡോയും(132) ലയണൽ മെസി(118)യുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ മുന്നേറുന്നത്.

You Might Also Like