ബാബറിന്റെ തന്ത്രം വിജയിച്ചില്ല, ആ താരത്തെ പാകിസ്ഥാന്‍ അടിയന്തരമായി ഇംഗ്ലണ്ടിലേക്ക് മാറ്റി

ഏഷ്യ കപ്പില്‍ പാക് നായകന്‍ ബാബര്‍ അസത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് പരിക്കേറ്റ ഷഹീന്‍ അഫ്രീദിയെ പാക് ടീമിനൊപ്പം പാക് ക്രിക്കറ്റ് ബോര്‍ഡ് ചേര്‍ത്തത്. ഏഷ്യ കപ്പില്‍ കളിക്കാനാകില്ലെന്ന് ഉറപ്പാണെങ്കിലും ഇന്ത്യയെ നേരിടുന്ന പാക് ടീമിന്റെ മനോവീര്യം ഉയര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഷഹീന്‍ അഫ്രീദിയെ ടീമിനൊപ്പം ചേര്‍ക്കാന്‍ ബാബര്‍ തീരുമാനിച്ചത്.

ഷഹീന്‍ അഫ്രീദിയുടെ സാന്നിദ്ധ്യം ഇന്ത്യയ്‌ക്കെതിരെ കളിക്കുന്ന പാക് താരങ്ങളില്‍ ആത്മവിശ്വാസം കൂട്ടുമെന്നും ബാബര്‍ വിലയിരുത്തി. എന്നാല്‍ ആദ്യ മത്സരത്തില്‍ ഷഹീന്‍ ഫാക്ടര്‍ കാര്യമായി പാകിസ്ഥാനെ സഹായിച്ചില്ല. ഇന്ത്യയോട് അഞ്ച് വിക്കറ്റിന് തോല്‍ക്കാനായിരുന്നു പാകിസ്ഥാന്റെ വിധി.

ഇതോടെ ഷഹീനെ തന്റെ റീഹാബ് നടപടികള്‍ക്കായി ലണ്ടനിലേക്ക് അയക്കാനാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഷഹീന്‍ ഉടന്‍ തന്നെ തുടര്‍ ചികിത്സയ്ക്കായി ഇംഗ്ലണ്ടിലേക്ക് യാത്രയാകും.

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും താരത്തിന് നഷ്ടമാകുമെങ്കിലും ഒക്ടോബറിലെ ലോകകപ്പിന് താരം ഉണ്ടാകുമെന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് അറിയിച്ചത്. ഇതിന് വേണ്ടി ഷഹീനെ എന്ത് വിലകൊടുത്തും ഒരുക്കാനുളള തയ്യാറെടുപ്പിലാണ് റമീസ് രാജയുടെ നേതൃത്വത്തിലുളള പാക് ക്രിക്കറ്റ് ബോര്‍ഡ്.

You Might Also Like