സ്പാനിഷ് സൂപ്പര്‍ താരങ്ങള്‍ വരുന്നു, സൂചന നല്‍കി ഹബാസ്
ഐഎസ്എല്ലിലെ ഏറ്റവും മികച്ച പരിശീലകന്‍ ആരെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേയുളളു. അന്റോണിയോ ഹബാസ്. ഈ സ്പാനിഷ് പരിശീലകന് കീഴില്‍ മൂന്ന് തവണയാണ് അത്‌ലറ്റിക്കോ കൊല്‍ക്കത്ത ഐഎസ്എല്‍ കിരീടം നേടിയത്. മറ്റൊരു ടീമിനും സാധിക്കാത്ത നേട്ടമാണ് ഹബാസിലൂടെ കൊല്‍ക്കത്ത ഐഎസ്എല്ലില്‍ സ്വന്തമാക്കിയിരിക്കുന്നത്.
നിലവില്‍ ഐലീഗ് ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ കൂടി ചേര്‍ന്ന് എടികെ-മോഹന്‍ ബഗാന്‍ ആയി ഈ ടീം മാറുമ്പോള്‍ മറ്റ് എല്ലാ ഐഎസ്എല്‍ ടീമും വിറയ്ക്കാതിരിക്കില്ല. കാരണം അത്രയ്ക്ക് സുശക്തമാണ് ഇന്ന് എടികെ-എംബി ടീം.
വിദേശ താരങ്ങളുടെ കരുത്തിലാണ് എടികെ ഐഎസ്എല്ലില്‍ ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 22 ഗോളുകളാണ് മിഡ്ഫീല്‍ഡര്‍മാരായ റോയ് കൃഷ്ണയും ഡേവിഡ് വില്യംസണും ചേര്‍ന്ന് എടികെയ്ക്ക് നേടിക്കൊടുത്തത്. മറ്റ് മിഡ്ഫീല്‍ഡര്‍മാരായ എഡൂ ഗാര്‍സ്യ, ജാവി ഹെര്‍ണാണ്ടസ്, മണ്ടി സോസ എന്നിവരും തങ്ങളുടെ പ്രകടനം മോശമാക്കിയില്ല. എട്ടു ഗോളും ഒന്‍പത് അസിറ്റുമാണ് ഈ മൂവര്‍ സഖ്യം കൊല്‍ക്കത്തയ്ക്കായി സംഭാവന ചെയ്തത്. പ്രതിരോധത്തില്‍ ജോണ്‍ ജോണ്‍സണും അഗുസ് ഗാര്‍സ്യയുമെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
ഇതോടെ വരുന്ന ഐഎസ്എല്ലിലും സ്പാനിഷ് താരങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കുമെന്നാണ് ഹബാസ് വ്യക്തമാക്കിയിരിക്കുന്നത്. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ നിന്ന് രണ്ടോളം സ്പാനിഷ് താരങ്ങളെ റാഞ്ചുമെന്നും ഹബാസ് പറയുന്നു.
‘ഞങ്ങള്‍ക്ക് രണ്ട് വിദേശ താരങ്ങളുമായി ഇത്തവണ കരാര്‍ ഒപ്പിടാന്‍ സാധിയ്ക്കും. ഞങ്ങള്‍ കളിയ്ക്കുന്നത് സ്പാനിഷ് ഫുട്‌ബോളാണ്. അതിനാല്‍ തന്നെ അവിടെ നിന്നുളള താരങ്ങല്‍ക്കായിരിക്കും മുഖ്യ പരിഗണന’ ഹബാസ് വ്യക്തമാക്കി. തങ്ങളുടെ കളി ശൈലി ഉള്‍കൊള്ളുന്ന മികച്ച താരങ്ങളെയാകും എടികെയിലേക്ക് കൊണ്ട് വരുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.