ഹാളണ്ടിനെ റാഞ്ചാൻ ചെൽസി, പച്ചക്കൊടി കാണിച്ച് ഉടമയും പരിശീലകനും

ബാഴ്സയും റയൽ മാഡ്രിഡുമായി അഭ്യൂഹങ്ങൾ നിലവിലുള്ള സൂപ്പർതാരമാണ് ബൊറൂസിയ ഡോർട്മുണ്ട് സ്‌ട്രൈക്കർ എർലിംഗ് ഹാളണ്ട്. എന്നാൽ ഇരുവരെയും മറികടന്നു താരത്തെ റാഞ്ചാൻ ചെൽസി മാനേജ്മെന്റിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് പുതിയ പരിശീലകനായ തോമസ് ടൂഹൽ. ചെൽസിയുടെ റഷ്യൻ ഉടമയായ റോമൻ അബ്രാമോവിച്ചും ഈ നീക്കത്തിന് സമ്മതം മൂളിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

റോമൻ അബ്രമോവിച്ചിന്റെ സമ്മതപ്രകാരം 100മില്യൺ യൂറോ വരെ ചെൽസി താരത്തിനായി മുടക്കിയേക്കുമെന്നാണ് ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട്‌ ചെയ്യുന്നത്. ടൂഹലിന്റെ ഈ നീക്കം ഒന്നരവർഷത്തിന് ശേഷം തങ്ങളുടെ സൂപ്പർ താരത്തെ സ്വാന്തമാക്കുന്നതിൽ തന്റെ മുൻ ക്ലബ്ബിനെ ചൊടിപ്പിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. താരത്തിന്റെ കരാർ പുതുക്കി റിലീസ് തുക ഉയർത്താനുള്ള നീക്കത്തിലാണ് നിലവിൽ ഡോർട്മുണ്ട്.

ചെൽസി നിലവിൽ ഈ സീസണിൽ തന്നെ നിരവധി താരങ്ങളെ വൻ തുക മുടക്കി ടീമിലെത്തിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടാക്കാൻ ഇതുവരെയും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. കോവിഡ് നിയന്ത്രണങ്ങൾ ക്ലബ്ബിനെ സാമ്പത്തികമായി പിന്നോട്ടു വലിക്കുന്നുണ്ടെങ്കിലും അബ്രമോവിച്ചിന്റെ കുമിഞ്ഞു കൂടുന്ന സമ്പത്തിൽ നിന്നും ഹാളണ്ടിനു വേണ്ടിയും ചിലവാക്കാൻ ഒരു മടിയുമില്ലെന്നാണ് റിപ്പോർട്ടുകൾ.

യൂറോപ്യൻ വമ്പന്മാർ ഹാളണ്ടിനു പിന്നാലെ കൂടിയത് ബൊറൂസിയ ഡോർട്മുണ്ട് സ്പോർട്ടിങ് ഡയറക്ടർ മൈക്കൽ സോർക്കിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം അഭ്യൂഹങ്ങൾക്കെതിരെ സോർക്ക് തുറന്നടിക്കുകയാണ് ചെയ്തത്. ഹാളണ്ട് ഞങ്ങൾക്കൊപ്പം തുടരുന്നതിൽ സന്തോഷമുണ്ടെന്നും കൂടുതൽ പദ്ധതികൾ താരത്തെ ചുറ്റിപറ്റിയുണ്ടെന്നുമാണ് സോർക്ക് അഭിപ്രായപ്പെട്ടത്.

You Might Also Like