എൽ ക്ലാസിക്കോയെപ്പറ്റിയുള്ള അഭിമുഖത്തിൽ ഗ്രീസ്മാനെ കളിയാക്കി റയൽ മാഡ്രിഡ്‌ ഇതിഹാസതാരം ഗുട്ടി

ബാഴ്സയിൽ ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന സൂപ്പർതാരമാണ് അന്റോയിൻ ഗ്രീസ്മാൻ. 2019 സമ്മർ ട്രാൻസ്ഫറിൽ ബാഴ്സയിലെത്തിയ ഗ്രീസ്മാന് അത്ലറ്റിക്കോ മാഡ്രിഡിലെ പ്രകടനമികവ് കാഴ്ച വെക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌ ഇതിഹാസതാരം ഗുട്ടി.

റയൽ മാഡ്രിഡിലേക്കും ബാഴ്സയിലേക്കും ആവശ്യമുള്ള താരങ്ങളെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിനൊപ്പം ഗ്രീസ്മാന്റെ പ്രകടനത്തെ കൂടി കളിയാക്കി അഭിപ്രായം നൽകിയിരിക്കുകയാണ് ഗുട്ടി. ലാലിഗ അംബാസ്സഡർമാരുടെ പരിപാടിയിലാണ് ഗുട്ടി ഇത്തരത്തിലുള്ള വിലയിരുത്തൽ നടത്തിയത്.

“ഞാൻ റയൽ മാഡ്രിഡിനായി നെയ്മറിനെയും എംബാപ്പെയെയും വാങ്ങും എന്നാൽ ഗ്രീസ്‌മാൻ പുറത്തുപോവാതിരിക്കാൻ വേണ്ടി ബാഴ്സക്ക് വേണ്ടി ആരെയും വാങ്ങാൻ ഉദ്ദേശിക്കുന്നില്ല(ചിരിക്കുന്നു). കളിയിൽ പ്രഭാവമുണ്ടാക്കുന്ന ഒരുപാട് മികച്ച താരങ്ങളുണ്ട് എന്നാൽ എനിക്ക് യുവതാരങ്ങളിലാണ് താത്പര്യം. എനിക്കുറപ്പാണ് ബാഴ്സയിൽ അൻസു ഫാറ്റിയും റയലിൽ വിനിഷ്യസ് ജൂനിയറുമാണു തിളങ്ങാൻ പോവുന്നതെന്ന്. “

എന്നാൽ എൽ ക്ലാസിക്കോ നേരത്തെയായതിനാൽ അത് കിരീടനേട്ടത്തിനെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിനും ഗുട്ടി തന്റെ അഭിപ്രായം രേഖപ്പെടുത്തി. ” ഇതൊരിക്കലും ആരു ലാലിഗ ജയിക്കുമെന്നതിനെ നിർണ്ണയിക്കുന്നില്ല. പക്ഷെ ഇതൊരു പ്രധാനപ്പെട്ട മത്സരമാണ്. മാനസികമായി ഏതു താരമാണോ കൂടുതൽ തയ്യാറെടുക്കുന്നത് അവരുടെ ടീം വിജയിക്കും. ഈ വർഷം എന്ത് നേടാനാവുമെന്ന് കണക്കാക്കാനുള്ള ഒരു പരീക്ഷണം കൂടിയാണിത്.” ഗുട്ടി പറഞ്ഞു.

You Might Also Like