ഞങ്ങളും മനുഷ്യരാണ് യന്ത്രങ്ങളല്ല, പ്രീമിയർ ലീഗിന്റെ തിരക്കേറിയ മത്സരക്രമത്തെ കുറ്റപ്പെടുത്തി സിറ്റി താരം
വെസ്റ്റ്ബ്രോംവിച്ച് ആൽബിയോണുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്. മധ്യനിരതാരം ഇകായ് ഗുണ്ടോഗൻ നേടിയ ഗോളിനു ശേഷം നിർഭാഗ്യവശാൽ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധനിരതാരം റൂബൻ ഡയസിന്റെ ഓൺ ഗോൾ സമനിലയിലേക്ക് നയിക്കുകയായിരുന്നു. എന്നാൽ സിറ്റിയുടെ ഈ മോശം അവസ്ഥക്ക് കാരണം പ്രീമിയർ ലീഗിന്റെ തിരക്കേറിയ മത്സരക്രമമാണെന്നാണ് സിറ്റിയുടെ ഏക ഗോൾ നേടിയ ഗുണ്ടോഗന്റെ അഭിപ്രായം
മത്സരശേഷം നൽകിയ അഭിമുഖത്തിലാണ് താരം പ്രീമിയർ ലീഗിന്റെ തിരക്കേറിയ മത്സരഷെഡ്യൂളിനെ കുറ്റപ്പെടുത്തിയത്. ഞങ്ങൾ മനുഷ്യരാണ് യന്ത്രങ്ങളല്ലെന്നും ഞങ്ങൾ ഒരുപാട് പാടുപെടുന്നുണ്ടെന്നും ഗുണ്ടോഗൻ അഭിപ്രായപ്പെട്ടു. വിശ്രമമമില്ലാത്ത തുടർച്ചയായ മത്സരങ്ങൾ താരങ്ങളെ വലിയ രീതിയിൽ തളർത്തുന്നുണ്ടെന്നും ഗുണ്ടോഗൻ ചൂണ്ടിക്കാണിക്കുന്നു.
Man City's Ilkay Gundogan hits out at hectic schedule and says 'we are human beings, NOT machines' https://t.co/vTbgOPpKno
— Mail Sport (@MailSport) December 16, 2020
“ഞങ്ങൾ മനുഷ്യരാണ്, യന്ത്രങ്ങളല്ല. ഞങ്ങൾ ഒരുപാട് ബുദ്ദിമുട്ടുന്നുണ്ട്. ഞങ്ങൾക്കറിയാം ഞങ്ങൾക്ക് ഇതിലും നന്നായി കളിക്കാമായിരുന്നുവെന്ന്. ഞങ്ങൾ ഇതിലും മികച്ച റിസൾട്ട് അർഹിക്കുന്നു. ഞങ്ങൾക്ക് മികച്ച അവസരങ്ങൾ ലഭിച്ചു. എന്താണ് പറയേണ്ടതെന്നു എനിക്കറിയില്ല. ഒരു പോയിന്റ് ലഭിക്കുകയെന്നത് നിരാശ നൽകുന്ന കാര്യമാണ്. ഇത്തരത്തിലുള്ള മത്സരങ്ങൾ ഞങ്ങൾ തീർച്ചയായും വിജയിക്കേണ്ടതായിരുന്നു. ” ഗുണ്ടോഗൻ അഭിപ്രായപ്പെട്ടു.
തുടർച്ചയായ രണ്ടാം സമനിലയാണ് പെപ്പിനും സംഘത്തിനും നേരിടേണ്ടി വന്നിരിക്കുന്നത്. പത്തു ദിവസത്തിനുള്ളിൽ ചാമ്പ്യൻസ്‌ലീഗടക്കം നാലു മത്സരങ്ങളിൽ കളിക്കേണ്ടി വന്നത് താരങ്ങളെ ശാരീരികമായി തളർത്തിയിരിക്കുകയാണ്. ഇക്കാര്യമാണ് ഗുണ്ടോഗൻ ചൂണ്ടിക്കാണിച്ചത്. വെസ്റ്റ്ബ്രോംവിച്ചുമായി സമനിലയായതോടെ പോയിന്റ് ടേബിളിൽ ലിവർപൂളും ടോട്ടനവുമായുള്ള അന്തരം കുറക്കാനുള്ള അവസരമാണ് സിറ്റിക്ക് നഷ്ടമായത്.