കൂറ്റൻ ട്രാൻസ്ഫർ ബഡ്ജറ്റുമായി വമ്പൻ സ്രാവുകളെ പിടിക്കാൻ മാഞ്ചസ്റ്റർ സിറ്റി

Image 3
EPLFeaturedFootball

ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള വിലക്ക് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് നീക്കിയതോടെ അടുത്ത സീസണിലേക്ക് വമ്പൻ ട്രാൻസ്ഫർ ബഡ്ജറ്റുമായി മികച്ച താരങ്ങളെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുകയാണ്. സ്പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് 330 ദശലക്ഷം യൂറോയാണ് അടുത്ത സീസണിലേക്കായി താരങ്ങളെ ടീമിലെത്തിക്കാൻ വേണ്ടി സിറ്റി ചിലവഴിക്കാൻ ഒരുങ്ങുന്നത്.

രണ്ടു പ്രതിരോധ താരങ്ങളെയും ആക്രമണ നിരയിലേക്ക് രണ്ടു താരങ്ങളെയുമാണ് പ്രധാനമായും സിറ്റി ലക്ഷ്യമിടുന്നത്. ഒരു റൈറ്റ് ഫൂട്ടഡ് സെൻട്രൽ ഡിഫൻഡറാണ് ഇതിൽ പ്രധാനമായിട്ടുള്ളത്. നാപോളിയുടെ കൂളിബാളി, സെവിയ്യയുടെ ഡീഗോ കാർലോസ്, ഇന്റർ മിലാന്റെ സ്ക്രിനിയർ എന്നിവരാണ് അതിൽ മുൻനിരയിലുള്ളത്. ഇതിനു പുറമേ ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് ബയേൺ താരമായ ഡേവിഡ് അലബയേയും സിറ്റി ലക്ഷ്യമിടുന്നുണ്ട്.

ടീം വിട്ട ലെറോയ് സാനേക്കു പകരക്കാരനായി ഒരു വേഗതയുള്ള വിംഗറെ ലക്ഷ്യമിടുന്ന സിറ്റിയുടെ പ്രധാന ലക്ഷ്യം വലൻസിയയുടെ ഫെറൻ ടോറസാണ്. ഏതാണ്ട് മുപ്പതു മുതൽ നാൽപതു ദശലക്ഷം യൂറോ വരെ താരത്തിനായി മുടക്കേണ്ടി വരും. ഇതിനു പുറമേ ചെൽസി ലക്ഷ്യമിട്ടുട്ടുള്ള ബയേർ ലെവർകൂസൻ താരമായ കെയ് ഹവേർട്സിനു വേണ്ടിയും സിറ്റി ലക്ഷ്യം വെക്കുന്നുണ്ട്.

ഈ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തേക്കു വീണത് കനത്ത തിരിച്ചടിയാണ് സിറ്റിക്കു നൽകിയത്. എന്നാൽ അതിനെ മറികടന്ന് അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ ഒരു മികച്ച തിരിച്ചു വരവാണ് പെപും സംഘവും ലക്ഷ്യമിടുന്നത്.