ആ തമാശ ഇപ്പോൾ കാര്യമായിരിക്കുകയാണ്, ഗോൾകീപ്പറെക്കൊണ്ട് പെനാൽറ്റിഎടുപ്പിക്കുമെന്ന് ഗാർഡിയോള

ലിവർപൂളിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർപ്പൻ ജയം സ്വന്തമാക്കാൻ പെപ്‌ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്കു സാധിച്ചിരുന്നു. സിറ്റിക്കായി സ്റ്റെർലിംഗിനും ഫിൽ ഫോഡനുമൊപ്പം ഗുണ്ടോഗൻ ഇരട്ട ഗോളുകളും നേടിയപ്പോൾ ലിവർപൂളിനായി ഏക ഗോൾ സലാ പെനാൽറ്റിയിലൂടെ നേടുകയായിരുന്നു. മത്സരത്തിന്റെ തുടയ്ക്കത്തിൽ കിട്ടിയ പെനാൽറ്റി ഗുണ്ടോഗൻ പാഴാക്കിയെങ്കിലും പിന്നീട് നേടിയ ഇരട്ട ഗോളുകൾ അതിനു പ്രായശ്ചിത്തമാവുകയായിരുന്നു.

സിറ്റി താരങ്ങൾ പെനാൽറ്റി പാഴാക്കുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ സീസൺ തുടക്കം മുതൽ ഇതുവരെ എട്ടു പെനാൽറ്റികളാണ് സിറ്റി താരങ്ങൾ പാഴാക്കിയത്. അതിൽ സൂപ്പർ താരങ്ങളായ കെവിൻ ഡിബ്രൂയ്നെയും സ്റ്റെർലിംഗും വരെ ഉൾപ്പെടുന്നത് പെപ്‌ ഗാർഡിയോളയെ വേവലാതിപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തിൽ തമാശരൂപേണ ഗോൾകീപ്പർ എഡേഴ്സണെ നിയോഗിക്കുമെന്നു മുൻപൊരിക്കൽ പെപ്‌ ഗാർഡിയോള അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ ഇതിപ്പോൾ ഒരു തമാശയല്ലെന്നും അത് കാര്യമായി പരിഗണിക്കേണ്ട സ്ഥിതിയാണെന്നാണ് പെപ്‌ ഗാർഡിയോള ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഷെഫീൽഡ് യുണൈറ്റഡിനെതിരെ ഗബ്രിയേൽ ജീസസ് പെനാൽറ്റി മിസ്സാക്കിയപ്പോഴാണ് പെപ്‌ ഈ കാര്യം തമാശരൂപേണ പറഞ്ഞത്. നിലവിലെ സിറ്റിയുടെ മികച്ച പെനാൽറ്റി ടേക്കറായ കുൻ അഗ്വേറോ പരിക്കുമൂലം പുറത്തിരിക്കുന്ന സാഹചര്യത്തിലാണ് പെപ്പിന്റെ പുതിയ നീക്കം. മത്സരശേഷം നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാൻ ഈ കാര്യം ആറുമാസങ്ങൾക്ക് മുൻപ് പറയുമ്പോൾ ഇതൊരു തമാശ മാത്രമായിരുന്നു. എന്നാലിപ്പോൾ അതൊരു പകുതി തമാശയാണെന്ന് പറയാം. എന്നാൽ ഞാനിത് പരിഗണിക്കുന്നതാണ്. ഇതൊരു തമാശയല്ല. അവൻ ഒരു പെനാൽറ്റി ടേക്കർ ആവുക തന്നെ ചെയ്യും. കാരണം ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു സ്പെഷ്യലിസ്റ്റ് ഇല്ല എന്നു തന്നെ പറയാം.” ഗാർഡിയോള പറഞ്ഞു.

You Might Also Like