അഞ്ചു സൂപ്പർതാരങ്ങളില്ലാതെ ചെൽസിക്കെതിരെ മാഞ്ചസ്റ്റർ സിറ്റി, ഗാർഡിയോളക്ക് വൻ തിരിച്ചടി

താരങ്ങൾക്ക് കോവിഡ് പിടിപെട്ടത് പ്രീമിയർലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ വീണ്ടും ദുർബലമാക്കിയിരിക്കുകയാണ്. ചെൽസിക്കെതിരെ നാളെ നളക്കാനിരിക്കുന്ന പുതുവർഷത്തിലെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ അഞ്ച് താരങ്ങളെ കോവിഡ് മൂലം നഷ്ടമായെന്നു പെപ്‌ ഗാർഡിയോളയാണ് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. ഓരോ മത്സരങ്ങളിലും ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇതു മറ്റൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ക്രിസ്തുമസ് ദിനത്തിൽ പ്രതിരോധതാരം കൈൽ വാൽക്കറെയും ആക്രമണ നിരയിൽ നിന്നും ഗബ്രിയേൽ ജീസസിനേയും കോവിഡ് സ്ഥിരീകരിച്ചതിനാൽ ക്വാറന്റൈനിലാക്കിയെന്നു സിറ്റി ഔദ്യോഗികമായി അറിയിച്ചത്. എന്നാലിപ്പോൾ മൂന്നു താരങ്ങൾ കൂടി നഷ്ടമായെന്നു പെപ്‌ ഗാർഡിയോള സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയായിരുന്നു.

“ഇപ്പോൾ അഞ്ചായിട്ടുണ്ട്. അഞ്ചു കളിക്കാരാണ് ഇപ്പോൾ പത്തു ദിവസത്തേക്ക് ഐസൊലേഷനിൽ തുടരുന്നത്. ഒപ്പം കുറച്ചു പേരും. ആദ്യം വന്ന കുറച്ചു പേരെ റിലീസ് ചെയ്തിട്ടുണ്ട്. അതിൽ നാലെണ്ണത്തിൽ രണ്ടു പേർക്ക് വീണ്ടും വന്നിരുന്നു. രണ്ടാമത് ഇപ്പോൾ മൂന്നെണ്ണം കൂടി അതിലേക്ക് ചേർന്നിട്ടുണ്ട്.” ഗാർഡിയോള വ്യക്തമാക്കി.

പരിക്ക് മൂലം മുന്നേറ്റനിരയിലെ പ്രധാന താരമായ സെർജിയോ അഗ്വേറോയേയും കുറച്ചു കാലമായി സിറ്റിയിൽ നിന്നും പുറത്തായിരുന്നു. അതിനു പിന്നാലെയാണ് ഗബ്രിയേൽ ജീസസിനേയും അക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ച കൈൽ വാക്കറെയും കൂടി പെപ്പിനു നഷ്ടമായിരിക്കുന്നത്. പ്രീമിയർ ലീഗ് അനുവദിക്കാത്തതിനാൽ ബാക്കി മൂന്നു താരങ്ങൾ ആരാണെന്നുള്ളത് പെപ്‌ ഗാർഡിയോള പുറത്തു വിട്ടിട്ടില്ല. നാളെ അറിയാനാകുമെന്നാണ് പെപ്‌ ഗാർഡിയോള വ്യക്തമാക്കിയത്.

You Might Also Like