മെസി മോഡൽ സിറ്റിയിൽ പ്രവർത്തികമാക്കി പെപ്‌ ഗാർഡിയോള. പരീക്ഷണം സ്‌ട്രൈക്കർമാരുടെ അഭാവത്തിൽ

പെപ്‌ ഗാർഡിയോളക്ക് കീഴിൽ സിറ്റിയുടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ അഭൂതപൂർവമായ പ്രകടനമാണ് യുവ സ്പാനിഷ് പ്രതിഭ ഫെറാൻ ടോറസ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ്‌ലീഗിൽ മഴസെക്കെതിരെ ഗോൾ നേട്ടവും വിജയത്തിൽ മുഖ്യപങ്കുവഹിച്ച താരമാണ് ഫെറാൻ. ആക്രമണത്തിൽ സെർജിയോ അഗ്വേറോയുടെയും ഗബ്രിയേൽ ജീസസിന്റെയും അഭാവത്തിലാണ് ഈ യുവതാരത്തിന്റെ പ്രകടനം.

അതിനു കാരണം ഈ യുവതാരത്തിന്റെ പൊസിഷനിൽ ഗാർഡിയോള വരുത്തിയ മാറ്റമാണെന്നാണ് വിദഗ്ധരുടെ പക്ഷം. ബാഴ്സയിൽ ഗാർഡിയോള പരിശീലിപ്പിച്ചിരുന്ന കാലത്ത് മെസിയെ ഉപയോഗിച്ചിരുന്നത് പോലെ ഫാൾസ് 9 റോളിലാണ് ഫെറാൻ ടോറസിനെയും ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ മാറ്റം താരത്തിന്റെ പ്രകടനത്തിലും പ്രകടമായത് ഗാർഡിയോളക്ക് ഗുണകരമായിരിക്കുകയാണ്.

ചാമ്പ്യൻസ്‌ലീഗ് മത്സരശേഷം സംസാരിക്കുകയായിരുന്നു പെപ്‌ ഗാർഡിയോള. “ഫെറാൻ ടീമുമായി നല്ലോണം ഇഴുകിച്ചേർന്നിട്ടുണ്ട്. അവൻ ഒരു സ്‌ട്രൈക്കറല്ല. ആ പൊസിഷനിൽ കളിക്കാൻ പ്രയത്നം നടത്തുന്നതിൽ അവനോട്‌ എനിക്ക് അഭിനന്ദിക്കേണ്ടതും നന്ദി പറയേണ്ടതുമുണ്ട്. അവനൊരു ഗോളും നേടി.”

“ഒരു സ്‌ട്രൈക്കറായി 4-5-1 ഫോർമേഷനിൽ കളിക്കുക അത്ര എളുപ്പമല്ല. ധാരാളം കളിക്കാരും കുറച്ചു സ്ഥലവും മാത്രമേ കളിക്കളത്തിൽ ലഭിക്കുള്ളു. ഞങ്ങൾക്ക് വേറെ മാർഗമില്ലായിരുന്നു. ഗബ്രിയേൽ ജീസസും അഗ്വേറൊയും തിരിച്ചു വരാതെ ഞങ്ങൾക്ക് കൂടുതൽ ഒപ്ഷൻസ് ലഭ്യമല്ല. അതു വരെയും പകരക്കാരനെന്ന നിലക്ക് ഫെറാൻ മാത്രമേയുള്ളു.” ഗാർഡിയോള വ്യക്തമാക്കി.

You Might Also Like