അവന്‍ നന്ദികേട് കാണിച്ചു, തനിക്ക് വേണ്ടെന്ന് ഗാര്‍ഡിയോള, വലവിരിച്ച് മാഞ്ചസ്റ്റര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അടുത്ത സീസണില്‍ വലിയ തിരിച്ചുവരവിനുളള മുന്നൊരുക്കത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. ഐതിഹാസികമായി കുതിച്ച് ചാമ്പ്യന്‍മാരായ ലിവര്‍പൂളില്‍ നിന്ന് കിരിടം തിരിച്ചുപിടിക്കാന്‍ കൂടുതല്‍ മികച്ച കളിക്കാരെ ടീമിലെത്തിക്കണമെന്നാണ് സിറ്റിയുടെ വിലയിരുത്തല്‍. ഇതോടെ ഏറെ നാളായി കോള്‍ക്കുന്ന സൂപ്പര്‍ താരം ജേഡന്‍ സാഞ്ചോയുടെ തിരിച്ചുവരവ് സംഭവിക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം കരുതിയത്.

എന്നാല്‍ സാഞ്ചോയെ സിറ്റിയിലേക്ക് തിരിച്ച് കൊണ്ട് വരേണ്ടതില്ലെന്നാണ് പരിശീലകനായ പെപ്പ് ഗാര്‍ഡിയോളയുടെ തീരുമാനം. ലെറോയ് സാനെ ബയേണിലേക്ക് കൂടുമാറുന്നതോടെ വിങ്ങറുടെ ഒഴിവിലേക്ക് കളിക്കാരനെ സിറ്റിക്ക് ആവശ്യമുണ്ടെങ്കിലും സാഞ്ചോയെ സിറ്റി തിരിച്ചെടുക്കേണ്ട കാര്യമില്ലെന്നാണ് ഗാര്‍ഡിയോളയുടെ വിലയിരുത്തല്‍.

 സാഞ്ചോ 2017ല്‍ സിറ്റി വിട്ട് ബെറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് ചേക്കേറിയതാണ് പെപ്പിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

‘ഒരിക്കലുമില്ല.. ഒരിക്കലുമില്ല.. ക്ലബ്ബ് വിടാനാണ് അവന്‍ തീരുമാനിച്ചത്. പിന്നെ അവനെ തിരിച്ചെടുക്കേണ്ടതെന്തിനാണ്? നമ്മള്‍ എറിക് ഗാര്‍സ്യയയെ പോലെ അല്ലെങ്കില്‍ ഫില്‍ ഫോഡനെ പോലെ അവസരത്തിന് കാത്തുനില്‍ക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ലെറോയെപ്പോലെ അവനും ക്ലബ്ബ് വിടാനാണ് തീരുമാനിച്ചത്. അത് ഒരു വര്‍ഷം കഴിഞ്ഞ് തിരിച്ചുവരാനാണെന്നു തോന്നുന്നില്ല.’ ഗാര്‍ഡിയോള പറയുന്നു.

ഇപ്പോള്‍ സ്‌ട്രൈക്കര്‍, മിഡ്ഫീല്‍ഡര്‍, ഡിഫന്റര്‍ എന്നീ പൊസിഷനുകളിലേക്കാണ് കളിക്കാരെ സിറ്റിക്കാവശ്യമെന്നും ഗാര്‍ഡിയോള വെളിപ്പെടുത്തി.

ലിവര്‍പൂള്‍ മുമ്പ് സാഞ്ചോയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ചെല്‍സിക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ് ഈ ഇംഗ്ലീഷ് വിംഗറിനു വേണ്ടി മുന്നിട്ടിറങ്ങിയിട്ടുള്ളത്. സാഞ്ചോക്ക് പ്രീമിയര്‍ ലീഗിലേക്ക് വരണമെന്നാണ് ആഗ്രഹമെങ്കിലും താരത്തിന് 110 മില്യണ്‍ ആണ് ഡോര്‍ട്ട്മുണ്ട് വിലയിട്ടിരിക്കുന്നത്. ഇതോടെ സാഞ്ചോ ഒരു സീസണ്‍ കൂടി ജര്‍മന്‍ ലീഗില്‍ തുടരാനുള്ള സാധ്യതയുമുണ്ട്.

You Might Also Like