ഫൈനൽ വരെയെത്താൻ തയ്യാറായിക്കഴിഞ്ഞു, ശുഭാപ്‌തിവിശ്വാസത്തോടെ ഗ്രീസ്‌മാൻ

ചാമ്പ്യൻസ്‌ലീഗിൽ ബാഴ്‌സലോണക്ക് ബയേണിതിരെ വിജയിച്ചു മുന്നേറാനാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് സൂപ്പർതാരംഅന്റോയിൻ ഗ്രീസ്‌മാൻ. ഇന്നലെ ബാഴ്സ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ബാഴ്‌സ തയ്യാറെടുത്തു തന്നെയാണ് ലിസ്ബണിലെക്ക് പുറപ്പെടുന്നതെന്നും തന്റെ പ്ലേസ്റ്റേഷനും ഓഗസ്റ്റ് 23 വരെ ലിസ്ബണിൽ തുടരാനുള്ള എല്ലാ സാധനസാമഗ്രികളും താൻ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ഗ്രീസ്‌മാൻ വെളിപ്പെടുത്തിയത്.

ബാഴ്സക്ക് ഫൈനൽ കളിക്കാനും ചാമ്പ്യൻസ് ലീഗ് നേടാനും സാധിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് ഇതിലൂടെ ഗ്രീസ്‌മാൻ കാണിക്കുന്നത്. ബയേണുമായുള്ള മത്സരം കടുത്തതാകുമെന്നറിയാമെന്നും പക്ഷെ തങ്ങൾക്ക് സെമി ഫൈനലിലേക്ക് യോഗ്യത നേടണമെന്നും മികച്ച ഒരു മത്സരമായിരിക്കുമിതെന്നാണ് ഗ്രീസ്മാന്റെ അഭിപ്രായം.

“ഓഗസ്റ്റ് 23 വരെ തങ്ങാനുള്ള എല്ലാ സാധനസാമഗ്രികളും ഞാൻ തയ്യാറാക്കി വെച്ചിട്ടുണ്ട്. എന്റെ പ്ലേസ്റ്റേഷൻ ഉൾപ്പടെ. ഞങ്ങൾക്ക് മൂന്നു മത്സരങ്ങൾ കൂടിയുണ്ട് കിരീടം നേടാൻ. ഞങ്ങൾ അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു. ഞങ്ങൾ എല്ലാം കൊണ്ടും ഈ മത്സരത്തിന് വേണ്ടി തയ്യാറായി കഴിഞ്ഞു. ഇത് ബുദ്ധിമുട്ടേറിയ മത്സരമായിരിക്കും എന്നറിയാം. സെമി ഫൈനലിലേക്ക് മുന്നേറാൻ എന്ത് ചെയ്യണമെന്നുമറിയാം. വരാൻ പോവുന്നത് നല്ലൊരു മത്സരമായിരിക്കും.”

“എല്ലാവരും ഒത്തിണക്കത്തോടെ കളിക്കാൻ ശ്രമിക്കും. വളരെ നല്ല രീതിയിലാണ് ബയേൺ കളിക്കുന്നത്. പക്ഷെ അവരെ മറികടക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തും. ലെവൻഡോവ്സ്കി മാത്രമല്ല അവർക്കുള്ളത്. തോമസ് മുള്ളറും ഗ്നാബ്രിയും അവരുടെ മികച്ച താരങ്ങളാണ്. ഒരുപാട് ഗോളുകൾ നേടിയ താരമാണ് ലെവൻഡോവ്സ്കി. തീർച്ചയായും അദ്ദേഹം എവിടെയാണെങ്കിലും അപകടകാരിയാണ് ” ഗ്രീസ്‌മാൻ വെളിപ്പെടുത്തി.

You Might Also Like