ബാഴ്സക്കായി തകർപ്പൻ വോളിയിലൂടെ ഗോൾ, ശേഷം നടത്തിയ സെലബ്രേഷനെ കുറിച്ച് ഗ്രീസ്മാൻ പറയുന്നു

ഒസാസുനക്കെതിരായി നടന്ന ലാലിഗ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിന്റെ തകർപ്പൻ ജയമാണ് ബാർസ നേടിയത്. ലയണൽ മെസിയും ഫിലിപ്പെ കൂട്ടീഞ്ഞോയും ബ്രാത്വൈറ്റും ഗോൾ കണ്ടെത്തിയ മത്സരത്തിൽ അന്റോയിൻ ഗ്രീസ്മാന്റെ തകർപ്പൻ തിരിച്ചു വരവിനാണ് ബാഴ്സ സാക്ഷ്യം വഹിച്ചത്. 44-ാം മിനുട്ടിൽ തകർപ്പൻ വോളിയിലൂടെ ഗ്രീസ്മാൻ നേടിയ ഗോളും കൂട്ടീഞ്ഞോക്ക് നൽകിയ കിടിലൻ അസിസ്റ്റും എന്തുകൊണ്ടാണ് ബാഴ്സ 100 മില്യണ് മുകളിൽ മുടക്കി താരത്തെ സ്വന്തമാക്കിയതെന്നു വ്യക്തമാക്കുന്നുണ്ട്.
വളരെ സന്തോഷവാനായി മത്സരം പൂർത്തിയാക്കിയ ഗ്രീസ്മാൻ മത്സരശേഷമുള്ള അഭിമുഖത്തിൽ ഫിലിപ്പെ കൂട്ടിഞ്ഞോക്കൊപ്പം തമാശ പറഞ്ഞു ചിരിക്കുന്നതാണ് കാണാനായത്. ആദ്യമായാണ് ഗ്രീസ്മാൻ ബാഴ്സക്കായി തുടർച്ചയായ മത്സരങ്ങളിൽ ഗോൾ നേടുന്നത്. ഇതിനു മുൻപ് ചാമ്പ്യൻസ്‌ലീഗിൽ ഡൈനമോ കീവിനെതിരെയും ഗ്രീസ്മാനു ഗോൾ നേടാൻ സാധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ എട്ടു മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ നേടാൻ ഗ്രീസ്മാനു സാധിച്ചിട്ടുണ്ട്. വിജയത്തേക്കുറിച്ച് മനസുതുറക്കാനും ഗ്രീസ്മാൻ മറന്നില്ല.
Antoine Griezmann's daughter copying his goal celebration is everything 🥰
— GOAL (@goal) November 30, 2020
🎥 Instagram: antogriezmann pic.twitter.com/9TzQS9kSjF
“ഇതൊരു പ്രാധാന്യമേറിയ വിജയം തന്നെയാണ്. കാരണം മുകളിലുള്ളവർ എപ്പോഴും വിജയിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്കും അവർക്കൊപ്പമെത്തേണ്ടതുണ്ട്. ഈ സീസൺ നീളമേറിയ ഒന്നാണെന്നു ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് ഇതിന്റെ ജേതാക്കളാകേണ്ടതുണ്ട്. ചാമ്പ്യൻസ്‌ലീഗിലും പിന്നെ ഇന്നത്തേയും മത്സരത്തെയും നോക്കിക്കാണുമ്പൊൾ ആ ലക്ഷ്യം നേടാനാവുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.” ഗ്രീസ്മാൻ പറഞ്ഞു.
മത്സരത്തിൽ നേടിയ തകർപ്പൻ വോളിയിലൂടെ നേടിയ ഗോളിനു വ്യത്യസ്തമായ രീതിയിൽ തലയിൽ ഇരുകൈവിരലുകളും വിടർത്തി വെച്ച് ചുവടുകളുമായാണ് ഗ്രീസ്മാൻ സെലബ്രേഷൻ നടത്തിയത്. അതിനുള്ള കാരണവും ഗ്രീസ്മാൻ വ്യക്തമാക്കിയിരുന്നു. “ഇന്നു രാവിലെ ഞാൻ മകളോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു. ആ സമയം ഇന്നു ഞാൻ നേടിയാൽ എങ്ങനെ സെലിബ്രേറ്റ് ചെയ്യാനാണ് നിനക്കിഷ്ടമെന്ന് അവളോട് ഞാൻ ചോദിച്ചു. അപ്പോൾ അവളാണ് ഇതു കാണിച്ചുതന്നത്. അതാണ് മത്സരത്തിൽ ഞാൻ ചെയ്തത്.” ഗ്രീസ്മാൻ വെളിപ്പെടുത്തി.