ഗ്രീസ്മൻ നേടിയതു ‘മെസി ഗോൾ’, ബാഴ്സ പരിശീലകൻ പറയുന്നതിങ്ങനെ

Image 3
FeaturedFootball

സെറ്റിയനും ഗ്രീസ്മനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന്റെ സൂചനകൾ നൽകി ഇന്നലെ വിയ്യാറയലിനെതിരായ മത്സരത്തിൽ ഫ്രഞ്ച് താരം നേടിയ ഗോളിനെ പ്രശംസിച്ച് ബാഴ്സ പരിശീലകൻ. മെസിയുടെ തകർപ്പൻ ബാക്ക് ഹീൽ അസിസ്റ്റിൽ ഗ്രീസ്മൻ നേടിയ ഗോൾ കഴിഞ്ഞ വർഷം മെസി തന്നെ റയൽ ബെറ്റിസിനെതിരെ നേടിയ ഗോളിനെ ഓർമിപ്പിക്കുന്നതായിരുന്നു.

“ടീമുമായി ഒത്തിണങ്ങിയ താരം ആത്മവിശ്വാസം വീണ്ടെടുത്തുവെന്നാണു കരുതേണ്ടത്. അദ്ദേഹം നേടിയ മനോഹരമായ ഗോൾ റയൽ ബെറ്റിസിനെതിരെ മെസി നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഗ്രീസ്മൻ ഗോൾ കണ്ടെത്തിയതിൽ ഞാൻ വളരെ സംതൃപ്തനാണ്.” സെറ്റിയൻ പറഞ്ഞു.

“എല്ലാ തരത്തിലും മികച്ച പ്രകടനമാണു ബാഴ്സ നടത്തിയത്. അറ്റ്ലറ്റികോ, സെവിയ്യ തുടങ്ങി പ്രതിരോധത്തിൽ മികവു കാണിച്ചു കളിക്കുന്ന ടീമുകൾക്കെതിരെ ബാഴ്സ ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ ഈ മത്സരത്തോടെ ടീം പൂർണമായും ആത്മവിശ്വാസം നേടിയെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.” അദ്ദേഹം വ്യക്തമാക്കി.

ഒൻപതു മത്സരങ്ങൾക്കു ശേഷമാണു ഗ്രീസ്മൻ ബാഴ്സക്കു വേണ്ടി ഗോൾ നേടുന്നത്. ഈ സീസണിൽ താരത്തിന്റെ പതിനഞ്ചാം ഗോളായിരുന്നു ഇന്നലെ പിറന്നത്. മെസിയടക്കമുള്ള ടീമംഗങ്ങളുമായി താരത്തിനു പ്രശ്നമൊന്നുമില്ലെന്നും ഇന്നലത്തെ മത്സരത്തിൽ നിന്നും വ്യക്തമായിരുന്നു.