ഗ്രീസ്മാനെ ബാഴ്‌സ കോച്ച് അപമാനിച്ച സംഭവം, ആഞ്ഞടിച്ച് സഹോദരന്‍

Image 3
Football

ബാര്‍സലോണ കോച്ച് കീകെ സെറ്റിയനെതിരെ രോഷാകുലനായി അന്റോണിയോ ഗ്രീസ്മാന്റെ സഹോദരന്‍. അത്‌ലറ്റിക്കോയുമായി 2 – 2 സമനിലയില്‍ കലാശിച്ച മത്സരത്തില്‍ അവസാന സമയത്ത് ഏതാനും മിനുട്ടുകള്‍ മാത്രമാണ് ഗ്രീസ്മാനെ കളത്തിലിറക്കാന്‍ ബാഴ്‌സ പരിശീലകന്‍ തയ്യാറായുളളു. ഇതാണ് ഗ്രീസ്മാന്റെ സഹോദരന്‍ തിയോ ഗ്രീസ്മാനെ രോഷകുലനാക്കിയത്.

ട്വിറ്ററിലൂടെയാമ് തിയോ ഗ്രീസ്മാന്‍ ബാഴ്‌സ പരിശീലകന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചത്. തന്റെ സഹോദരന് കൂടുതല്‍ പ്രാധാന്യം ഈ മത്സരത്തിന് നല്‍കിയില്ലെന്നും അവഗണന കണ്ടിട്ട് കരഞ്ഞു പോയെന്നും തിയോ ഗ്രീസ്മാന്‍ ട്വിറ്ററില്‍ കുറിച്ചു.

ലോകകപ്പ് ജേതാവായ തന്റെ സഹോദരന്റെ ബാര്‍സലോണയിലെ അവസ്ഥ കണ്ട് സഹിക്കാനാവുന്നില്ലെന്നും തിയോ ഗ്രീസ്മാന്‍ കൂട്ടിചേര്‍ത്തു. പിന്നീട് ട്വീറ്റുകളെല്ലാം നീക്കം ചെയ്‌തെങ്കിലും പ്രതിഷേധമായി ഇന്‍സ്റ്റഗ്രാമില്‍ താനും ഗ്രീസ്മാനും വേള്‍ഡ്കപ്പു പിടിച്ച് നില്‍ക്കുന്ന ചിത്രം തിയോ ഗ്രീസ്മാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തുടര്‍ച്ചയായ നാല് കളികളില്‍ മൂന്നാം തവണയാണ് ഗ്രീസ്മാനെ ബെഞ്ചിലിരുത്തി ബാര്‍സ കോച്ച് മത്സരം പൂര്‍ത്തിയാക്കുന്നത്. മൂന്നിലും സമനിലയായിരുന്നു ഫലം.

മത്സരത്തിനു ശേഷം അറ്റ്‌ലറ്റികോ പരിശീലകന്‍ സിമിയോണിയും ഗ്രീസ്മന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ വിഷാദം രേഖപ്പെടുത്തിയിരുന്നു. തനിക്കതിനെ കുറിച്ചു പറയാന്‍ വാക്കുകള്‍ ലഭിക്കുന്നില്ലെന്നാണ് സിമിയോണി മത്സരശേഷം പറഞ്ഞത്. സിമിയോണിക്കു കീഴിലാണ് ഗ്രീസ്മന്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളത്.

ഗ്രീസ്മനെ തൊണ്ണൂറാം മിനുട്ടില്‍ ഇറക്കാനുള്ള തീരുമാനം പരിശീലകന്‍ സെറ്റിയനെതിരെ ആരാധകര്‍ തിരിയാനും കാരണമായിട്ടുണ്ട്. സമനില വഴങ്ങിയതോടെ ബാഴ്‌സലോണ ലാലിഗ കിരീടപ്പോരാട്ടത്തില്‍ വീണ്ടും താഴേക്കു പോയി. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ റയല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ കിരീടമുയര്‍ത്തും.