ഗാംഗുലി കുഴിമടിയനും സ്വാർത്ഥനും; തുറന്നടിച്ച് ഇന്ത്യൻ പരിശീലകൻ

Image 3
Team India

ടീം ഇന്ത്യയുടെ പരിശീലകനായി ഏറ്റവുമധികം വിവാദം സൃഷ്ടിച്ചയാളാണ് ഗ്രെഗ് ചാപ്പൽ. പരിശീലകനായിരിക്കെ ചാപ്പലും അന്നത്തെ ഇന്ത്യൻ ടീം നായകൻ സൗരവ് ഗാംഗുലിയും തമ്മിലുണ്ടായിരുന്ന അസ്വാരസ്യം കുപ്രസിദ്ധമാണ്. ഇരുവരും തമ്മിലുള്ള പടലപ്പിണക്കം ഗാംഗുലിക്ക് ടീമിന് പുറത്തേക്കുള്ള വഴി തുറക്കുക പോലും ചെയ്തു. ഏറ്റവുമൊടുവിൽ ബിസിസിഐ പ്രസിഡന്റായിരിക്കുമ്പോൾ പോലും ഗാംഗുലിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ചാപ്പൽ.

ഗാംഗുലി മടിയനായിരുന്നു എന്നാണ് ചാപ്പലിന്റെ ആരോപണം. കരിയറിന്റെ അവസാന ഘട്ടത്തിൽ മോശം ഫോമിൽ നിൽക്കുമ്പോൾ സ്വന്തം കളി മെച്ചപ്പെടുത്താനായി കഠിനാധ്വാനം ചെയ്യാൻ ഗാംഗുലി തയാറായിരുന്നില്ല. മികച്ച കളിക്കാരനായി മാറുന്നതിന് പകരം ക്യാപ്റ്റൻ എന്ന നിലയിൽ ടീമിൽ തുടരാനാണ് ഗാംഗുലി ശ്രമിച്ചത്. ടീം ഇന്ത്യയുടെ പരിശീലകനാവാൻ തന്നെ ക്ഷണിച്ചത് ഗാംഗുലിയാണെന്നും ചാപ്പൽ വെളിപ്പെടുത്തി.

‘ഗാംഗുലിയുടെ ക്ഷണം സ്വീകരിച്ചു ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യത്തെ രണ്ടു വർഷം എല്ലാ അർഥത്തിലും കടുത്ത വെല്ലുവിളിയായിരുന്നു. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റൻ സ്ഥാനത്തെ ചൊല്ലിയാണ് പ്രശ്നങ്ങളിലേറെയും ഉണ്ടായത്’ – ചാപ്പൽ പറഞ്ഞു. ക്രിക്കറ്റ് ലൈഫ് സ്റ്റോറീസ് എന്ന പോഡ്കാസ്റ്റിലാണ് ചാപ്പലിന്റെ വെളിപ്പെടുത്തൽ.

ഗാംഗുലി മാത്രമല്ല, സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെ മുതിർന്ന താരങ്ങളിൽ ആരുമായും ചാപ്പൽ അത്ര നല്ല രസത്തിലായിരുന്നില്ല. തുടർന്ന് 2007ലെ ലോകകപ്പ് തോൽവിക്കു പിന്നാലെ പരിശീലക കരാർ പുതുക്കുന്നില്ലെന്ന് ചാപ്പൽ തീരുമാനിച്ചു.