അടിച്ചുകൂട്ടിയത് 17 ഗോളുകള്‍, ഗോള്‍വേട്ടയില്‍ ഇതിഹാസങ്ങളെ ഞെട്ടിച്ച് ഗ്രീന്‍വുഡ്!

Image 3
EPLFeaturedFootball

ചാമ്പ്യൻസ് ലീഗ് യോഗ്യതയും ലക്ഷ്യമിട്ടിറങ്ങിയ ചുവന്ന ചെകുത്താന്മാർക്ക് വെസ്റ്റ്ഹാം യുണൈറ്റഡിനോട് സമനിലകൊണ്ട് തൃപ്തിപെടേണ്ടിവന്നിരിക്കുകയാണ്. യുവതാരമായ മേസൺ ഗ്രീൻവുഡിന്റെ ഏക ഗോളിലാണ് യുണൈറ്റഡ് സമനില പിടിച്ചത്. മത്സരം സമനിലയിലായെങ്കിലും 18കാരനായ ഗ്രീൻവുഡ് ഈ സീസണിൽ നടത്തുന്ന പ്രകടനം ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

വെസ്റ്റ്ഹാമിനെതിരെയുള്ള ഗോളോടെ ഇതിഹാസതാരങ്ങളായ ജോർജ് ബെസ്റ്റിനും വെയ്ൻ റൂണിക്കുമൊപ്പമാണ് ഗ്രീൻവുഡിന്റെ ഗോൾവേട്ടയെത്തിനിൽക്കുന്നത്. ഈ സീസണിൽ ഇതുവരെ എല്ലാ കോംപിറ്റീഷനുകളിലുമായി 17 ഗോളുകളാണ് ഗ്രീൻവുഡ് നേടിയത്.

1965-66 സീസണിൽ ജോർജ് ബെസ്റ്റും 1967-68 സീസണിൽ ബ്രയാൻ കിഡ്ഡും 2004-05 സീസണിൽ വെയ്ൻ റൂണിയും കൗമാരക്കാരായിരിക്കെ നേടിയതും 17 ഗോളുകൾ വീതമാണ്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഒരു സീസണിൽ ഏറ്റവും അധികം ഗോളുകൾ നേടിയ കൗമാരക്കാരായ എലീറ്റ് താരങ്ങളുടെ പട്ടികയുടെ തലപ്പത്ത് ഗ്രീൻവുഡും ഇടം പിടിച്ചിരിക്കുകയാണ്.

ഈ സീസണിൽ ഇതുവരെ പ്രീമിയർ ലീഗിൽ ഗ്രീൻവുഡ് നേടിയത് 10 ഗോളുകളാണ്. 2004-05 സീസണിൽ വെയ്ൻ റൂണി 11 ഗോളുകളും 2012-13 സീസണിൽ റൊമേലു ലുക്കാക്കു 14 ഗോളുകളും നേടിയ ശേഷം പ്രീമിയർ ലീഗിൽ ആദ്യമായാണ് ഒരു കൗമാരക്കാരൻ 10 ഗോളുകൾ നേടുന്നത്. എന്തായാലും ഈ കണക്കുകൾ സൂചിപ്പിപ്പിക്കുന്നത് ഗ്രീൻവുഡെന്ന കൗമാരപ്രതിഭ ഭാവിയിൽ യുണൈറ്റഡിൽ ചരിത്രം സൃഷ്ടിക്കുമെന്നു തന്നെയാണ്.