പ്രത്യാക്രമണത്തിൽ നാലു താരങ്ങൾ, മികച്ച ടാക്കിളുമായി ഒറ്റക്ക് പ്രതിരോധിച്ച് പിഎസ്‌ജി താരം കിംപെമ്പെ

ഫ്രഞ്ച് ലീഗ് ഒന്നാം സ്ഥാനക്കാരായ ലില്ലെയുമായുള്ള മത്സരത്തിൽ ഗോൾരഹിത സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ് ഫ്രഞ്ച് ലീഗ് വമ്പന്മാരായ പിഎസ്‌ജിക്ക്. ഇതോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തു തന്നെ തുടരുകയാണ് പിഎസ്‌ജി. ഒരേ പോയിന്റുള്ള ലില്ലെക്കും ഒളിമ്പിക് ലിയോണിനും താഴെ വെറും ഒരു പോയിന്റിന്റെ കുറവിലാണ് പിഎസ്‌ജി മൂന്നാം സ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്നത്.

ലില്ലെയുമായി നടന്ന മത്സരത്തിൽ തോമസ് ടുക്കലിന്റെ പിഎസ്‌ജിക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും പരിക്കേറ്റ് പുറത്തായ നെയ്മറുടെയും ബെഞ്ചിൽ നിന്നും കുറച്ചു സമയത്തേക്ക് മാത്രം കളിക്കാനിറങ്ങുന്ന ഏംബാപ്പേയുടെയും അഭാവത്തിൽ ലില്ലേക്കെതിരെ പൊരുതി നേടിയ ഈ ഒരു പോയിന്റിന് വളരെയധികം വിലയുണ്ട്. സമനിലയിലും പിഎസ്‌ജിയുടെ പ്രതിരോധതാരം പ്രിസ്‌നെൽ കിംപെമ്പെയുടെ പ്രകടനത്തിനാണ് ആരാധകരുടെ പ്രശംസ മുഴുവനും.

80ആം മിനുട്ടിൽ ലില്ലേയുടെ പ്രത്യാക്രമണത്തിൽ നാലു താരങ്ങൾക്കെതിരെ കിംപെമ്പെ മാത്രമാണ് പിഎസ്‌ജി പ്രതിരോധ നിരയിലുണ്ടായിരുന്നത്. ലില്ലേയുടെ നീക്കങ്ങൾ പിന്നാലെ ശരവേഗത്തിൽ ഓടിയെത്തിയതിനൊപ്പം ഒരു മികച്ച ടാക്കിളിലൂടെ ലില്ലെ താരം ബുറാക് യിൽമാസിന്റെ കാലിൽ നിന്നും പന്ത്‌ തട്ടിയകറ്റുകയും നിലത്തു വീണുകിടന്നു കൊണ്ടു തന്നെ വീണ്ടും പന്ത് കാലുകൊണ്ട് തട്ടിയകറ്റി അപകടം ഒഴിവാക്കുകയായിരുന്നു.

ഓട്ടത്തിൽ ഹാംസ്ട്രിങ്ങിനു പരിക്കുപറ്റിയിട്ടും ടാക്കിളിനു മുതിർന്ന കിംപെമ്പെയുടെ സാഹസത്തെയാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ വാനോളം പുകഴ്ത്തുന്നത്. അവസാന പത്തു മിനുട്ടിലേക്ക് പകരക്കാരനായി മിച്ചൽ ബക്കറെ ഇറക്കി സമനിലയിൽ ആശ്വാസം കണ്ടെത്തുകയായിരുന്നു. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ടാക്കിളായാണ് കിംപെമ്പെയുടെ ഈ നീക്കം വാഴ്ത്തപ്പെടുന്നത്.

You Might Also Like