ഗ്രഹാം തോര്‍പ്പിന്റെ മരണം, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ
മുന്‍ ഇംഗ്ലീഷ് താരം ഗ്രഹാം തോര്‍പ്പിന്റെ മരണത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ഭാര്യ അമാന്‍ഡ രംഗത്ത്. 55ാം വയസ്സില്‍ അന്തരിച്ച ഗ്രഹാം തോര്‍പ്പ് മാനസികാരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് ഭാര്യ അമാന്‍ഡ വെളിപ്പെടുത്തിയത്.
ഇംഗ്ലണ്ടിനായി 100 ടെസ്റ്റ് മത്സരങ്ങളും സറേക്കായി 17 വര്‍ഷവും കളിച്ച തോര്‍പ്പ്, 2022-ല്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
‘ഭാര്യയും രണ്ട് പെണ്‍മക്കളും ഉണ്ടായിരുന്നിട്ടും, അവരെ സ്‌നേഹിച്ചിട്ടും, അവര്‍ അദ്ദേഹത്തെ സ്‌നേഹിച്ചിട്ടും, അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടില്ല. അദ്ദേഹം അത്രയ്ക്ക് അസ്വസ്ഥനായിരുന്നു, താന്‍ ഇല്ലാതെ ഞങ്ങള്‍ക്ക് നന്നായി ജീവിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു’ അമാന്‍ഡ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി തോര്‍പ്പ് കടുത്ത വിഷാദരോഗത്തിനും ഉത്കണ്ഠക്കും അടിമയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. 2022 മെയ് മാസത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
‘പഴയ ഗ്രഹാമിനെ തിരികെ കൊണ്ടുവരാനുള്ള പ്രതീക്ഷകള്‍ അസ്തമിച്ചില്ലെങ്കിലും, അദ്ദേഹം വിഷാദരോഗത്തിനും ഉത്കണ്ഠക്കും അടിമയായി തുടര്‍ന്നു. ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണച്ചു, നിരവധി ചികിത്സകള്‍ പരീക്ഷിച്ചു, പക്ഷേ ഒന്നും ഫലിച്ചില്ല’ അമാന്‍ഡ കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ് മൈതാനത്ത് മാനസികമായി ശക്തനായിരുന്ന തോര്‍പ്പ് ശാരീരികമായും ആരോഗ്യവാനായിരുന്നുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ആരെയും ബാധിക്കാമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
2005-ല്‍ വിരമിച്ച ശേഷം തോര്‍പ്പ് പരിശീലകനായി സേനവനമുഷ്ഠിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഉള്‍പ്പെടെയുള്ളവരെ പരിശീലിപ്പിച്ച ശേഷം അദ്ദേഹം ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡില്‍ (ഇസിബി) ബാറ്റിംഗ് പരിശീലകനായി തിരിച്ചെത്തി. തോര്‍പ്പിന്റെ വിയോഗത്തില്‍ ഇസിബിയും സറേ ക്രിക്കറ്റ് ക്ലബ്ബും അനുശോചനം രേഖപ്പെടുത്തിയിരുന്നു.
‘ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ അദ്ദേഹം ക്രിക്കറ്റ് കുടുംബത്തിലെ പ്രിയപ്പെട്ട അംഗവും ലോകമെമ്പാടുമുള്ള ആരാധകര്‍ ആരാധിക്കുന്ന വ്യക്തിയുമായിരുന്നു’ ഇസിബി അനുസ്മരിച്ചു.
‘ഗ്രഹാം സറേയുടെ പ്രിയപ്പെട്ട പുത്രന്മാരില്‍ ഒരാളാണ്. അദ്ദേഹം വീണ്ടും ഓവലിന്റെ ഗേറ്റിലൂടെ നടന്നു വരില്ല എന്നത് വലിയ ദുഃഖമാണ്,’ സറേ ക്രിക്കറ്റ് ക്ലബ് ചെയര്‍മാന്‍ ഒലി സ്ലിപ്പര്‍ പറഞ്ഞു.