മൂന്ന് ലോകകപ്പ് ഫൈനലുകള്‍ കളിച്ചു, എന്നിട്ടും ഒരിക്കല്‍ പോലും ആ കപ്പില്‍ മുത്തമിടാനായില്ല

ധനേഷ് ദാമോധരന്‍

ഒരു ലോകകപ്പ് എങ്കിലും കളിക്കുക എന്നത് ഏതൊരു ഇന്റര്‍നാഷണല്‍ ക്രിക്കറ്ററും ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതും .അപ്പോള്‍ 3 ലോകകപ്പുകള്‍ കളിക്കാന്‍ പറ്റിയാല്‍ അതിനെ മഹാഭാഗ്യം എന്ന് തന്നെ വിശേഷിപ്പിക്കാം .പക്ഷെ ഒരാളുടെ കാര്യത്തില്‍ മാത്രം അത് ഒരു ദൗര്‍ഭാഗ്യകരമായ സംഗതി ആയിപ്പോയി .

1979 ,1987 ,1992 എന്നിങ്ങനെ 3 ദശാബ്ദങ്ങളിലായി അദ്ദേഹം കളിച്ചത് 3 ലോകകപ്പുകള്‍ .അത്ഭുകരമെന്ന് പറയട്ടെ 3 ലും അദ്ദേഹം ഫൈനല്‍ കളിക്കാന്‍ അയാള്‍ക്ക് ഒരപൂര്‍വ ഭാഗ്യവും കിട്ടി .എന്നാല്‍ എല്ലാ ഭാഗ്യങ്ങളും ഫൈനലുകളില്‍ അസ്തമിച്ചപ്പോള്‍ നിര്‍ഭാഗ്യവാനായ അയാള്‍ 3 ഫൈനലിലും പരാജിതന്റെ മുഖവുമായി തല കുനിക്കേണ്ടി വന്നു അദ്ദേഹത്തിന് .അവസാനവട്ടം നായകനായി തോറ്റത് അയാളുടെ ദു:ഖഭാരത്തെ ഇരട്ടിപ്പിച്ചു എന്നും പറയാം .

1972 മുതല്‍ 2000 വരെ 2008 വര്‍ഷക്കാലം ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ത്ത് നടന്ന ഗ്രഹാം അലന്‍ ഗുച്ച് 1975 മുതല്‍ 1995 വരെ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ മുഖമായിരുന്നു .ഗൂച്ചിന്റെ ചരിത്രം പറയുമ്പോള്‍ പലപ്പോഴും ഇംഗ്ലീഷ് ക്രിക്കറ്റിനൊപ്പം ഗുച്ച് നടന്നു എന്നതിലുപരിയായി ഗുച്ചിനൊപ്പം ഇംഗ്ലീഷ് ക്രിക്കറ്റ് നടന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി .ടെസ്റ്റ് കരിയറില്‍ ഗൂച്ച് കളിച്ചത് 113 ടീമംഗങ്ങള്‍ക്കൊപ്പം എന്ന കണക്ക് എല്ലാം പറയും .തന്റെ കാലഘട്ടത്തില്‍ ഏറ്റവും ഭാരം ഉള്ള ബാറ്റ് ഉപയോഗിച്ച് കളിച്ച ഗൂച്ച് ഒരര്‍ത്ഥത്തില്‍ ഇംഗ്ലണ്ട് ടീമിന്റെ ഭാരവും തന്റെ തലയിലേറ്റുകയായിരുന്നു .

118 ടെസ്റ്റുകളിലെ 8900 റണ്‍സിനേക്കാള്‍ ഫസ്റ്റ് ക്ലാസിലെ 44846 റണ്‍സും ലിസ്റ്റ് എ കരിയറിലെ 22211 റണ്‍സും അടക്കമുള്ള 67057 റണ്‍സ് കണക്കുകളിലെങ്കിലും അയാളെ ജാക്ക് ഹോബ്‌സ് എന്ന ഇതിഹാസത്തിന് പോലും മുകളില്‍ പ്രതിഷ്ഠിക്കുന്നു .100 ലധികം വരുന്ന ഫസ്റ്റ് ക്ലാസ് സെഞ്ചുറികള്‍ അയാളുടെ കിരീടത്തിലെ മറ്റൊരു പൊന്‍ തൂവലും .1987 സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ കെട്ടഴിച്ച 115 റണ്‍സ് അയാളുടെ മൂല്യം കാണിച്ചു തരുന്നതായിരുന്നു .ലോകകപ്പുകളില്‍ 1979 ല്‍ 210 റണ്‍സും 1992 ല്‍ 216 റണ്‍സും നേടിയ ഗൂച്ച് 1987 ല്‍ 471 റണ്‍സ് അടിച്ചു കുട്ടി ആ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററുമായി .

1991ല്‍ ഹെഡിങ്‌ലിയില്‍ ആംബ്രോസ് ,മാര്‍ഷല്‍ ,വാല്‍ഷ് ,പാറ്റേഴ്‌സണ്‍ മാര്‍ ഉള്‍പ്പെട്ട കിടയറ്റ വിന്‍ഡീസ് ബൗളര്‍മാര്‍ക്കെതിരെ ദുഷ്‌കരമായ ബാറ്റിങ് പിച്ചില്‍ ഗൂച്ച് കാഴ്ച വെച്ച 154 നോട്ടൗട്ട് ഇന്നിങ്ങ്‌സ് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ചെറുത്തുനില്‍പ്പിന്റെ വീരഗാഥയായി ഇന്നും ക്രിക്കറ്റ് വിദഗ്ധര്‍ വാഴ്ത്തപ്പാടുന്നു .2001 ല്‍ വിസ്ഡണ്‍ ഏറ്റവും മികച്ച 100 ടെസ്റ്റ് ഇന്നിങ്‌സുകള്‍ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ മൂന്നാമത്തേത് ഗൂച്ചിന്റെ ആ ഇന്നിങ്‌സ് ആയിരുന്നു .

ഗൂച്ചിന്റെ ഇന്നിങ്‌സിനെ പുകഴ്ത്തി എത്ര പറഞ്ഞാലും അധികമാവില്ല എന്ന് വിസ്ഡണ്‍ അഭിപ്രായപെട്ടപ്പോള്‍ ഗൂച്ചിന്റെ ഇന്നിങ്‌സ് കഴിഞ്ഞ ഉടനെ മാനത്ത് വിരിഞ്ഞ മഴവില്ലിനെ ഒരാള്‍ വിശേഷിപ്പിച്ചത് രാജ്യത്തിന്റെ പ്രകൃതി തന്നെ അയാളെ അഭിനന്ദിച്ചതാണെന്നായിരുന്നു .

ടെസ്റ്റ് ചരിത്രത്തില്‍ അതു വരേക്കും അമാനുഷികമായ ട്രിപ്പിള്‍ സെഞ്ചുറികളും ത്രസിപ്പിക്കുന്ന പ്രകടനങ്ങളും ഉണ്ടായിട്ടും അതിന്റെയെല്ലാം മുകളില്‍ വെറും ഒരു 154 റണ്‍സ് പ്രകടനം പ്രതിഷ്ഠിക്കപ്പെട്ടുവെങ്കില്‍ ആ ഇന്നിങ്ങ്‌സിന്റെ വിലയെന്തായിരിക്കും

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി കഠിനമായ പിച്ചില്‍ മാര്‍ഷലിന്റെ പന്തില്‍ പുറത്താകും മുന്‍പ് 49 പന്തില്‍ 34 റണ്‍സുമായി ഗൂച്ച് പിടിച്ചു നില്‍ക്കാല്‍ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് 4 ന് 65 ആയി തകര്‍ത്തു .റോബിന്‍ സ്മിത്തും അരങ്ങേറ്റക്കാരന്‍ മാര്‍ക് രാം പ്രകാശും പൊരുതിയെങ്കിലും ഇംഗ്ലണ്ട് 198 ന് ഓള്‍ ഔട്ടായി .54 റണ്‍സടിച്ച സ്മിത്ത് മാത്രം തിളങ്ങി .

മറുപടിയില്‍ ഒരറ്റത്ത് വിക്കറ്റുകളുടെ ശവഘോഷയാത്ര നടന്നുവെങ്കിലും കിങ് വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്വാഭാവിക ശൈലിയില്‍ ഒട്ടും കൂസാതെ 98 പന്തില്‍ 7 ഫോറുകളും 2 സിക്‌സറുമടക്കം 75 റണ്‍സ് അടിച്ചു കുട്ടി . എന്നിട്ടും വിന്‍ഡീസ് 175 കടന്നില്ല .ഇംഗ്ലണ്ടിന് 25 റണ്‍ ലീഡ്.

ഇംഗ്ലണ്ട് രണ്ടാം വട്ടമിറങ്ങി. ഗൂച്ചിനൊപ്പം ആര്‍തടന്‍ ക്രിസില്‍. ആംബ്രോസിന്റെ വന്യമായ പന്തുകളും പാറ്റേഴ്‌സണിന്റെ വേഗതയും ബാറ്റ്‌സ്മാന്‍മാരെ കുഴപ്പിച്ചെങ്കിലും എന്തോ മനസില്‍ കണ്ട നായകന്‍ ഗുച്ച് ഉറച്ചു നില്‍ക്കാനാണ് പദ്ധതിയിട്ടത് .സ്‌കോര്‍ 22 ല്‍ 6 റണ്‍സെടുത്ത ആര്‍തര്‍ട്ടണിനെ ആംബ്രോസ് മടക്കി .വണ്‍ ഡൗണ്‍ ഗ്രേയിം ഹിക്കിനെ ആംബ്രോസ് തന്നെ ഒരു കിടിലന്‍ യോര്‍ക്കറിലുടെ 6 റണ്‍സില്‍ തന്നെ മടക്കി .ഉറഞ്ഞു തുള്ളിയ ആംബ്രോസ് തൊട്ടടുത്ത പന്തില്‍ ലാംബിനെ മടക്കുമ്പോള്‍ സ്‌കോര്‍ 38 ന് 3 .ആംബ്രോസിന് ഹാട്രിക് നിഷേധിച്ച രാംപ്രകാശ് ക്രീസില്‍ ഗുച്ചിനൊപ്പം .

നായകന്‍ ഗൂച്ച് ചോര തുപ്പുന്ന വിന്‍ഡീസ് പേസ് പടയെ നേരിടാന്‍ തന്നെ തീരുമാനിച്ചു .അയാള്‍ പതിയെ സ്‌കോര്‍ ഉയര്‍ത്താന്‍ തുടങ്ങി .അതിനിടെ വാല്‍ഷിന്റെ ബീമര്‍ കൈയിലിടിച്ചുവെങ്കിലും രാംപ്രകാശ് ഗ്രൗണ്ട് വിടാതെ ക്യാപ്റ്റന് കൂട്ടായി പൊരുതാന്‍ തീരുമാനിച്ചു .ഗുച്ച് 112 പന്തില്‍ 6 ഫോര്‍ അടക്കം അര്‍ധ സെഞ്ചുറി എത്തുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 3 ന് 80 .ആകെ ലീഡ് 105 .

ഇംഗ്ലണ്ട് കര കയറുമെന്ന് ഉറപ്പിച്ച സമയത്ത് ആംബ്രോസ് വീണ്ടും .142 മിനിറ്റ് പിടിച്ച് നിന്ന് 109 പന്തില്‍ 27 റണ്‍ നേടി ക്യാപ്റ്റനുമൊത്ത് 78 റണ്‍ കൂട്ടുകെട്ട് സൃഷ്ടിച്ച പുതുമുഖം രാംപ്രകാശ് പുറത്ത് .തൊട്ടടുത്ത പന്തില്‍ റോബിന്‍ സ്മിത്തിനെ പുറത്താക്കി ആംബ്രോസിന് വീണ്ടും ഹാട്രിക് അവസരം .ഇംഗ്ലണ്ട് 116 ന് 5.ആംബ്രോസ് നിര്‍ത്തിയില്ല .അടുത്ത ഇര വിക്കറ്റ് കീപ്പര്‍ ജാക്ക് റസ്സല്‍.ഇംഗ്ലണ്ട് സ്‌കോര്‍ 124 ന് 6 .വീണ 6 വിക്കറ്റും സംഹാരമൂര്‍ത്തിയായ ആംബ്രോസിന് .

ഇംഗ്ലണ്ട് വിറച്ചു .പക്ഷെ ഗുച്ച് കീഴടങ്ങാന്‍ ഒരുക്കമില്ലായിരുന്നു .ഡെറിക് പ്രിംഗിളില്‍ കൂട്ടാളിയെ കണ്ടെത്തിയ ഗുച്ച് പിടിച്ചു നിന്നു .അന്നത്തെ കളി നിര്‍ത്തുമ്പോള്‍ .ഇംഗ്ലണ്ട് 6ന് 143 .ഗുച്ച് 82 ,പ്രിംഗിള്‍ 10.

നാലാം ദിനം കളി പുനരാരംഭിക്കുമ്പോള്‍ ഗൂച്ച് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു .ആംബ്രോസിനെ കവര്‍ ഡ്രൈവ് ചെയ്ത് 90 ലെത്തിയ ഗുച്ച് മാര്‍ഷലിനെ എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറി കടത്തി .വാല്‍ഷിനെ പുള്‍ ചെയ്ത് ആ ഇന്നിങ്‌സിലെ 12 മത് ബാണ്ടറി കടത്തിയപ്പോള്‍ പിറന്നത് ഗൂച്ചിന്റെ കരിയറിലെ 14 മത് സെഞ്ചുറി .നേരിട്ടത് ചോര തുപ്പിയ 240 പന്തുകള്‍ .

സെഞ്ചുറിയിലും ഗൂച്ച് അവസാനിപ്പില്ല .ഇംഗ്ലണ്ടിനെ 200 കടത്തി .പൊരുതിനിന്ന പ്രിംഗാള്‍ 94 പന്തില്‍ 27 റണ്‍സുമായി മാര്‍ഷലിന് ഇരയായി മടങ്ങുന്നോള്‍ നായകനൊപ്പം കൂട്ടിച്ചേര്‍ത്തത് വിലപ്പെട്ട 98 റണ്‍സ് .പിന്നാലെ ഡിഫ്രറ്റിസും വാട്ട്കിനും പുറത്ത് . അതിനിടെ ഗൂച്ച് 150 തികച്ചു .

ഡെവണ്‍ മാല്‍ക്കത്തെ ക്‌ളീന്‍ ബൗള്‍ ചെയ്ത് മാര്‍ഷല്‍ ഇംഗ്‌ളണ്ട് ഇന്നിങ്ങ്‌സ് 252 ല്‍ അവസാനിപ്പിക്കുമ്പോഴും ഗൂച്ചിനെ പുറത്താക്കാന്‍ ആ ബൗളിങ് നിരക്ക് പറ്റിയിരുന്നില്ല .452 മിനിറ്റ് പിടിച്ച് നിന്ന ഗൂച്ച് 331 പന്തില്‍ 18 ഫോറുകള്‍ അടക്കം നേടിയത് 154 റണ്‍ .

278 വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിന് ആദ്യ പന്തില്‍ തന്നെ ഡെഫ്രറ്റിസ് പ്രഹരമേല്‍പിച്ചു .ഫില്‍ സിമണ്‍സ് പുറത്ത് .ഹെയിന്‍സും റിച്ചി റിച്ചാര്‍ഡ്‌സണും 61 റണ്‍ കൂട്ടിച്ചേര്‍ത്തെങ്കിലും അവസാന 5 വിക്കറ്റുകള്‍ വെറും 26 റണ്‍സിന് ബലി കഴിച്ച വിന്‍ഡീസ് ഇംഗ്ലണ്ടിന് 115 റണ്‍സിന്റെ ചരിത്ര വിജയം നല്‍കി .റിച്ചി റിച്ചാര്‍ഡ്‌സണ്‍ 68 റണ്‍സെടുത്തപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 34 ന് 4 വിക്കറ്റെടുത്ത ഡെഫ്രിറ്റാസ് രണ്ടാം ഊഴത്തില്‍ 4 വിക്കറ്റെടുത്തത് 59 റണ്‍സിന് .

മാന്‍ ഓഫ് ദ മാച്ച് ആര് എന്നതിന് പ്രസക്തിയേ ഇല്ലായിരുന്നു .ടീം സ്‌കോറിന്റെ 61. 11% ഉം സ്‌കോര്‍ ചെയ്ത ഗൂച്ചിന്റെ ഇന്നിങ്ങ്‌സ് അത്രക്ക് ആധികാരികമായിരുന്നു .പ്രതിരോധവും ആക്രമണവും ഒരു പോലെ സമന്വയിപ്പിച്ച ക്‌ളാസിക് ഇന്നിങ്‌സ് .അതും 37ാം വയസില്‍. അതിനേക്കാളൊക്കെ ഉപരി 1969 നു ശേഷം 22 വര്‍ഷം കഴിഞ്ഞ് വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് മണ്ണില്‍ വിജയം നേടിക്കൊടുത്തു എന്ന പ്രസക്തി കൂടിയുണ്ടായിരുന്നു ആ ഇന്നിങ്ങ്‌സിന് .

ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കാത്ത ഗൂച്ചിന്റെ ഇന്നിങ്ങ്‌സ് ഹെഡിങ്‌ലിയിലേതാണെങ്കിലും ഇംഗ്ലീഷുകാര്‍ അവരുടെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഗൂച്ചിന്റെ സ്‌പെഷല്‍ ഇന്നിങ്‌സ് 1990 ലെ ലോര്‍ഡ്‌സില്‍ ഇന്ത്യക്കെതിരായ വിഖ്യാതമായ ആ 333 റണ്‍സാണ് .

ഷെയ്ന്‍ വോണ്‍ പറഞ്ഞു ‘ഞാനെറിഞ്ഞതില്‍ വെച്ച് ഏറ്റവും മികച്ച ഇംഗ്ലണ്ടുകാരന്‍ ഇദ്ദേഹമാണ് .അപാര മികവുള്ളവന്‍ ‘

അതെ ,ഗൂച്ച് അപാര മികവുള്ളവന്‍ തന്നെ ആയിരുന്നു .താരങ്ങള്‍ വന്നും പോകുകയും ചെയ്താലും ഇംഗ്ലീഷ് ആരാധകര്‍ എന്നെന്നും ഓര്‍ക്കുന്ന പേരുകളിലൊന്ന് ഗൂച്ചിന്റേത് തന്നെ ആയിരിക്കും

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like