ഗുഡ്‌ബൈ ജിങ്കന്‍, ഇനി കൊച്ചി പൊട്ടിത്തെറിയ്ക്കുക ഇവനായി, ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൂപ്പര്‍ സ്റ്റാര്‍
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരേയൊരു സൂപ്പര്‍ താരമായിരുന്നു സന്ദേഷ് ജിങ്കന്‍. പല താരങ്ങളും ബ്ലാസ്റ്റേഴ്‌സ് ജെഴ്‌സി അണിഞ്ഞപ്പോഴും അവര്‍ ഒരോ സീസണ്‍ ഇടവേളകളിലും ക്ലബ് വിട്ട് പോകുമ്പോഴും ഞങ്ങള്‍ക്ക് ജിങ്കനുണ്ട് എന്നതായിരുന്നു ഒരോ ആരാധകന്റേയും സ്വകാര്യ അഹങ്കാരം. ആ ശുഭാപ്തി വിശ്വാസത്തിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.
ഒരര്‍ത്ഥത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകകൂട്ടത്തെ വരെ സൃഷ്ടിച്ചത് ജിങ്കനും ഇയാന്‍ ഹ്യൂമുമെല്ലാം ചേര്‍ന്നാണെന്ന് പറയാം. സച്ചിനെയെല്ലാം ഇഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്‌സിന്റെ കളികാണാനെത്തിയ ആരാധകരെ ഈ ക്ലബിനെ അവരുടെ ഹൃദയമിടിപ്പാക്കിയത്് ജിങ്കനും ഹ്യൂമുമെല്ലാം ചേര്‍ന്നാണ്. ആരാധകരെ പരിഗണിയ്ക്കുന്നതില്‍ മാനേജുമെന്റ് വലിയ പരാജയമായപ്പോഴും ഇവരുടെ കരുതലും സ്‌നേഹവും മഞ്ഞപ്പട പലപ്പോഴും അനുഭവിച്ചറിഞ്ഞു. ആ തണലാണ് ഹ്യൂമിന് പിന്നാലെ ജിങ്കനിലൂടെ ആരാധകര്‍ക്ക് നഷ്ടമായത്.
ജിങ്കനായി ആരാധകര്‍ നിര്‍മ്മിച്ച ബാനറുകള്‍, ചാന്റുകള്‍ക്കും. ടാറ്റുകള്‍ക്കുമെല്ലാം കൈയ്യും കണയ്ക്കുമില്ല. ബ്ലാസ്റ്റേഴ്‌സ് എന്ന് കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസ്സിലെത്തുന്ന ആദ്യ പേരായിരുന്നു ജിങ്കന്‍. ഇപ്പോഴതാ വഴിപിരിയാന്‍ സമയമായിരിക്കുന്നു.
ഇനിയാരാണ് മഞ്ഞപ്പടയുടെ പോസ്റ്റര്‍ ബോയ്. ഫുട്‌ബോള്‍ നിരീക്ഷകരുടെ അഭിപ്രായ പ്രകാരം മലയാളി മിഡഫീല്‍ഡര്‍ സഹല്‍ അബ്ദുസമദായിരിക്കും വരും സീസണുകളില്‍ ആരാധകരുടെ പ്രിയതാരം എന്നാണ് വിലയിരുത്തുന്നത്. ജിങ്കന് ശേഷം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചത് കഴിഞ്ഞ സീസണില്‍ സഹലിന് വേണ്ടിയായിരുന്നു. സഹലിന്റെ കാലില്‍ പന്തെത്തുമ്പോള്‍ സ്‌റ്റേഡിയം പൊട്ടിച്ചിതറുമാറ് ആരവമുയര്‍ന്നു.
ഷറ്റോരിയ്ക്ക് കീഴില്‍ സഹലിന് അധികം അവസരം ഒന്നും ലഭിച്ചില്ലെങ്കിലും സഹല്‍ മൈതാനം തൊടുമ്പോഴെല്ലാം ആരാധകര്‍ അത് ആഘോഷമാക്കി. 23കാരനായ സഹലിന് ഇനിയും രണ്ട് വര്‍ഷം കൂടി ബ്ലാസ്‌റ്റേഴ്‌സുമായി കരാറുണ്ട്.
സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് വികൂനയ്ക്ക് കീഴില്‍ സഹല്‍ തന്റെ പ്രതിഭയെ കണ്ടെത്തിയാല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് തന്നെ പുതിയൊരു സൂപ്പര്‍ താരത്തെയാകും ഇതുമൂലം ലഭിയ്ക്കുക. ജിങ്കന്റെ വഴിപിരിയില്‍ ഒരു പരുധിവരെ ബ്ലാസ്റ്റേഴ്‌സിന് സഹലിലൂടെ മറികടയ്ക്കുകയും ചെയ്യാം.