ഇംഗ്ലണ്ടിന് മര്‍മ്മത്തിലടി, ഇന്ത്യന്‍ ടീമിലേക്ക് ആ സൂപ്പര്‍ താരവും തിരിച്ചെത്തുന്നു

Image 3
CricketCricket News

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്താനൊരുങ്ങുന്ന ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത. റാഞ്ചിയിലെ നാലാം ടെസ്റ്റില്‍ വിശ്രമിച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ഭുംറ ധരംശാലയില്‍ കളിക്കാനിറങ്ങും. പ്രമുഖ കായിക മാധ്യമമായ ക്രിക്ബസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം പരമ്പര 3-1ന് ഇതിനകം നേടിയതിനാല്‍ ടീം ഇന്ത്യ ഒരു പ്രധാന ബാറ്റര്‍ക്കും ബൗളര്‍ക്കും വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ നീക്കം. മാര്‍ച്ച് ഏഴിനാണ് ധരംശാലയില്‍ പരമ്പരയിലെ അവസാന മത്സരം തുടങ്ങുക.

റാഞ്ചിയിലെ നാലാം ടെസ്റ്റിന് ശേഷം ടീം ഇന്ത്യക്ക് ഇടവേളയാണ്. മാര്‍ച്ച് രണ്ടിന് ചണ്ഡീഗഢില്‍ കൂടിച്ചേരണം എന്നാണ് താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മാര്‍ച്ച് മൂന്നിന് ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങള്‍ ധരംശാലയിലേക്ക് പറക്കും.

ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് 28 റണ്‍സിന് വിജയിച്ചപ്പോള്‍ വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനും റാഞ്ചിയില്‍ അഞ്ച് വിക്കറ്റിനും വിജയിച്ച് രോഹിത് ശര്‍മ്മയും സംഘവും പരമ്പര നേടുകയായിരുന്നു. മൂന്ന് കളികളില്‍ 17 വിക്കറ്റുമായി ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ് ജസ്പ്രീത് ബുമ്ര. ഇംഗ്ലണ്ട് സ്പിന്നര്‍ ടോം ഹാര്‍ട്ലി മാത്രമാണ് ബുമ്രക്ക് മുന്നിലുള്ളത്.

അതേസമയം ആദ്യ ടെസ്റ്റിന് ശേഷം പരിക്ക് കാരണം കളിക്കാത്ത കെ എല്‍ രാഹുല്‍ ധരംശാലയില്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലവില്‍ തുടരുകയാണ്. വിദഗ്ധ പരിശോധനയ്ക്കായി രാഹുലിനെ ലണ്ടനിലേക്ക് ബിസിസിഐ അയച്ചിരിക്കുകയാണ്. രാഹുല്‍ ടീം സെലക്ഷന് ലഭ്യമാകുമോ എന്ന് മാര്‍ച്ച് രണ്ടിന് അറിയാം. കാലിലെ പരിക്ക് പൂര്‍ണമായും ഭേദമായാല്‍ അല്ലാതെ രാഹുലിനെ ധരംശാല ടെസ്റ്റില്‍ കളിപ്പിക്കില്ല.