അവന്‍ അവിശ്വസനീയമായി സ്ഥിരത പുലര്‍ത്തുന്നു, ഏറ്റവും മികച്ച കരാര്‍, കരോളിസ് വിലയിരുത്തുന്നു

Image 3
FootballISL

വിസെന്റ് ഗോമസുമായി കേരള ബ്ലാസ്റ്റഴ്‌സ് കരാര്‍ ഒപ്പിട്ടത് ക്ലബിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണെന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ്. ബ്ലാസ്റ്റേഴ്‌സ് മധ്യനിരയില്‍ വലിയ സാന്നിധ്യമാകാന്‍ പോകുന്ന താരമാണ് ഗോമസെന്നും സ്‌കിന്‍കിസ് വിലയിരുത്തുന്നു.

‘മിഡ്ഫീല്‍ഡില്‍ ഒരു വലിയ സാന്നിധ്യമാകാന്‍ പോകുന്ന ഫുട്‌ബോളിന്റെ മാസ്റ്ററാണ് ഗോമസ്. അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ കരിയറിലെ മൂന്നാമത്തെ ക്ലബ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അദ്ദേഹം കളിക്കളത്തിലും ക്ലബ്ബിലും അവിശ്വസനീയമായ സ്ഥിരത പുലര്‍ത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരമാണിത്. അതുകൊണ്ടുതന്നെ ഏറ്റവും ഗുണത്മകമായ കരാറാണിത്’ സ്‌കിന്‍കിസ് പറഞ്ഞു.

വിസെന്റ് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബില്‍ ചേരുന്നതില്‍ ആരാധകരെ പോലെ താനും ആവേശത്തിലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ലാസ് പല്‍മാസില്‍ ജനിച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായ വിസെന്റ് 2007 ല്‍ സ്പാനിഷ് നാലാം ഡിവിഷന്‍ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. തന്റെ ഹോം ടീമില്‍ ചേരുന്നതിനു മുന്‍പ് അദ്ദേഹം 2 സീസണുകളില്‍ എ ഡി ഹുറാക്കിന് വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയിട്ടുണ്ട്.

മികച്ച മിഡ്ഫീല്‍ഡറായ ഇദ്ദേഹത്തിന് പിന്നീട് ലാസ് പല്‍മാസിന്റെ ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. റിസര്‍വ് ടീമുമായുള്ള ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായി. ഇവിടെ അദ്ദേഹം 28 മാച്ചുകള്‍ കളിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്തു.

2010 ല്‍ ലാസ് പല്‍മാസിനായി ഗോമസ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും കോപ ഡെല്‍ റേയുമായുള്ള മത്സരത്തില്‍ രണ്ടാം ഗോള്‍ നേടുകയും ചെയ്തു. മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും പ്രധാന ഗോളുകള്‍ നേടുന്നതില്‍ വിസെന്റ് കഴിവ് തെളിയിച്ചിട്ടുണ്ട്.

2015-16 സീസണില്‍ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രമോഷനില്‍ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സ്പാനിഷ് ഭീമന്മാരായ ബാഴ്സലോണയ്ക്കും റയല്‍ മാഡ്രിഡിനുമെതിരായ മത്സരത്തില്‍ ക്യാപ്റ്റനാവുകയും ചെയ്തു. ടീമിന്റെ പുറത്താകലിനെത്തുടര്‍ന്ന്, ഐഎസ്എല്‍ സീസണ്‍ 7 നായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍ ചേരുന്നതിന് മുമ്പ് ഗോമസ് രണ്ടാം ഡിവിഷന്‍ ഭാഗമായ ഡിപോര്‍ടിവോ ലാ കൊറൂനയിലേക്ക് മാറി.