ഐ.എസ്.എല്‍ സൂപ്പര്‍ താരത്തെ റാഞ്ചി ഗോകുലം എഫ്‌സി

Image 3
FootballI League

മിസോറത്തില്‍ നിന്നുള്ള ലെഫ്ട് ബാക്ക് താരം സോഡിങ്ങ്‌ലിയാന ടോച്ചവാങ്ങിനെ ഗോകുലം കേരള എഫ് സി സ്വന്തമാക്കി. ലെഫ്‌റ് ബാക്ക് പൊസിഷനില്‍ മാത്രമല്ല, മിഡ്ഫീല്‍ഡ്, വിങ് പൊസിഷനുകളിലും മറ്റു ടീമുകള്‍ക്ക് വേണ്ടി കഴിവ് തെളിയിച്ച താരമാണദ്ദേഹം.

2013 ഐ ലീഗില്‍ ഷില്ലോങ് ലജോങ്ങിന് വേണ്ടിയാണ് സോഡിങ്ങ്‌ലിയാന തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. അതിന് മുന്‍പ് ഇന്ത്യ അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 19 ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം.

പിന്നീട് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് ലോണില്‍ പോയ സോഡിങ്ങ്‌ലിയാന അവര്‍ക്കായി പത്തു മത്സരങ്ങള്‍ കളിച്ചു. തൊട്ടടുത്ത വര്‍ഷം ഡല്‍ഹി ഡയനാമോസിന് വേണ്ടി പന്ത്രണ്ടു മത്സരങ്ങള്‍ അദ്ദേഹം കളിക്കുകയുണ്ടായി. തുടര്‍ന്ന് പുണെ എഫ് സിയില്‍ കളിക്കുയും പിന്നീട് എഫ് സി ഗോവ റിസേര്‍വ് ടീമിലേക്ക് അദ്ദേഹം മാറുകയും ചെയ്തു.

”ഗോകുലം കേരളയെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതില്‍ വളരെയധികം അഭിമാനം ഉണ്ട്. ഇവിടെ എത്താന്‍ സഹായിച്ച എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു. മലബാറിയന്‍സിന് വേണ്ടി കളിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനും പ്രചോദിതനുമാണ്. ഇതെനിക്കൊരു പുതിയ തുടക്കമാണ്, എന്റെ ക്ലബ്ബിനും ആരാധകര്‍ക്കും വേണ്ടി ലീഗ് കിരീടം നേടിയെടുക്കുകയെന്നതാണ് എന്റെ ലക്ഷ്യം,” സോഡിങ്ങ്‌ലിയാന പറഞ്ഞു.

ഗോകുലം കേരള സി.ഇ.ഓ ബി.അശോക് കുമാര്‍ പറഞ്ഞതിങ്ങനെ ‘പ്രതിഭാധനനായ മിസോ മിഡ്ഫീല്‍ഡര്‍ സോഡിങ്ങ്‌ലിയാന ടോച്ചവാങ്ങിനെ ഞങ്ങള്‍ ഗോകുലം കുടുംബത്തിലേക് സ്വാഗതം ചെയ്യുന്നു. ഐ ലീഗിലും ഐ എസ് എല്ലിലും കളിച്ചു നേടിയ മികച്ച പരിചയ സമ്പത്ത് അദ്ദേഹത്തിനുണ്ട്. ഞങ്ങളുടെ ഫസ്റ്റ് ചോയ്‌സ് ഫുള്‍ ബാക്കായ നവോച്ച സിങ്ങിന് മികച്ച വെല്ലുവിളി സൃഷിടിക്കാന്‍ ഇദ്ദേഹത്തിന് കഴിയും”

”കുറച്ച കാലമായി ഞങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന താരമായിന്നു അദ്ദേഹം. മികച്ച ക്വാളിറ്റിയുള്ള താരമാണദ്ദേഹം. ഞങ്ങളുടെ ടെക്‌നിക്കല്‍ ടീം അദ്ദേഹത്തെ മികച്ച രീതിയില്‍ ടീമിന്റെ ഭാഗമാക്കുവാന്‍ കാത്തിരിക്കുകയാണ്. ഇത്തവണ മികച്ച സ്‌ക്വാഡ് ഞങ്ങള്‍ക്കുണ്ട്, അതുകൊണ്ട് തന്നെ ഐ ലീഗ് കിരീടം തന്നെയാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്”, ഗോകുലം കേരള എഫ് സി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.