ഗോകുലം ഐഎസ്എല്‍ കളിയ്ക്കും, പ്ലാന്‍ ഇങ്ങനെ

ഐലീഗ് ചാമ്പ്യന്‍മാരായെങ്കിലും ഇത്തവണ ഐഎസ്എല്‍ കളിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി ഗോകുലം കേരള എഫ്‌സി. ഐഎസ്എല്ലിന്റെ ഭാഗമാകുന്നതിന് 15 കോടി രൂപ ഫ്രാഞ്ചസി ഫീസ് നല്‍കണമെന്ന നിബന്ധനയാണ് ഗോകുലം ഈ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകാത്തതിന് പിന്നിലെ കാരണം.

ഗോകുലം കേരള പ്രസിഡന്റ് വിസി പ്രവീണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കായിക മാധ്യമമായ സ്‌പോട്‌സ് സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു പ്രവീണ്‍.

എന്നാല്‍ 2022-23 സീസണിലെ ഐലീഗ് വിജയികള്‍ക്ക് ഐ എസ് എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ഇതോടെ ആ സീസണില്‍ ഐ ലീഗ് കിരീടം ചൂടി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഭാഗമാകാന്‍ ശ്രമിക്കുമെന്നാണ് പ്രവീണ്‍ വ്യക്തമാക്കുന്നത്.

ഗോകുലം ഐഎസ്എല്ലിന്റെ ഭാഗമായാല്‍ കേരളത്തില്‍ നിന്നുളള രണ്ടാമത്തെ ടീമായി മലബാറിയന്‍സ് മാറും. കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ കളിക്കുന്നുണ്ടെങ്കിലും ഏഴ് സീസണായിട്ടും ഒരു കിരീടം നേടാന്‍ മഞ്ഞപ്പടയ്്ക്ക് ആയിട്ടില്ല. ഇതോടെ ഗോകുലത്തിന്റെ വരവ് മലയാളി ഫുട്‌ബോള്‍ ആരാധകരില്‍ വിഭജനം സംഭവിക്കാനും കാരണമാകാന്‍ ഇടയുണ്ട്.

നിലവില്‍ കോഴിക്കോടാണ് ഗോകുലത്തിന്റെ ആസ്ഥാനം. കോര്‍പ്പറേഷന്‍ സ്റ്റേഡിയമായിരിക്കും ഐഎസ്എല്ലില്‍ പ്രവേശിക്കുകയാണെങ്കില്‍ ഗോകുലത്തിന്റെ ഹോം ഗ്രൗണ്ട്. ഇത് ബ്ലാസ്‌റ്റേഴ്‌സിന് മലബാറില്‍ നിന്നുളള കാണികളെ നഷ്ടപ്പെടുന്നതിന് ഇടയാക്കിയേക്കും.

You Might Also Like