തകര്‍ച്ചയില്‍ നിന്ന് വന്‍ ജയം, അമ്പരപ്പിക്കുന്ന തിരിച്ചുവരവുമായി ഗോകുലം

ഐലീഗിലെ രണ്ടാം മത്സരത്തില്‍ കേരള ക്ലബ് ഗോകുലം കേരളയ്ക്ക് തകര്‍പ്പന്‍ ജയം. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗോകുലം കേരള മിനവ്വ പഞ്ചാബിനെ തകര്‍ത്തത്. മിനര്‍വ പഞ്ചാബ് താരം അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോളാണ് പഞ്ചാബിന്റെ തോല്‍വിയ്ക്ക് കാരണമായത്.

ആദ്യ പകുതിയില്‍ 3-1ന് പിന്നില്‍ നിന്ന ശേഷമാണ് ഗോകുലത്തിന്റെ വന്‍ തിരിച്ചുവരവ്. ഗോകുലത്തിനായി ഡെനി ആന്‍വി ഇരട്ട ഗോളും ഫിലിപ്പ് അഡ്ജ ഒരു ഗോളും നേടി. ഒരു ഗോള്‍ സെല്‍ഫ് ഗോളിലൂടെ അന്‍വര്‍ അലി ഗോകുലത്തിന് സമ്മാനിക്കുകയും ചെയ്തു.

മത്സരത്തിലെ ആദ്യ രണ്ട് ഗോളും നേടിയത് മിനര്‍വ്വ പഞ്ചാബായിരുന്നു. 18,26 മിനിറ്റുകളില്‍ ചേഞ്ചോ ഗെല്‍സ്യന്‍ ആണ് മിനര്‍വ്വയ്ക്കായി ഇരട്ട ഗോളുകള്‍ നേടിയത്. 26ാം മിനിറ്റില്‍ ഫിലിപ്പിലൂടെ ഒരു ഗോള്‍ ഗോകുലം തിരിച്ചടിച്ചെങ്കിലും 44ാം മില്‍ റൂപേര്‍ട്ട് നംഗാം പഞാബിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.

എന്നാല്‍ രണ്ടാം പകുതിയില്‍ ഗോകുലം തിരിച്ചുവരുന്ന കാഴ്ച്ചയാണ് കണ്ടത്. 69, 73 മിനിറ്റുകളില്‍ ഗോള്‍ നേടി ഡെന്നി ആന്‍വി ഗോകുലത്തെ ഒപ്പത്തിനെത്തിയ്ക്കുകയായിരുന്നു. കൂടാതെ രണ്ട് മിനിറ്റിന് ശേഷം അന്‍വര്‍ അലി സെല്‍ഫ് ഗോള്‍ കൂടി അടിച്ചതോടെ ഗോകുലം അവിശ്വസനീയമായി മത്സരം ജയിക്കുകയായിരുന്നു.

നിലവില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയക്കിയ ഗോകുലത്തിന് ഒരു ജയമാണ് ഉളളത്. ഇതോടെ വിലപ്പെട്ട മൂന്ന് പോയന്റുകള്‍ കേരള ടീം സ്വന്തമാക്കി.

You Might Also Like