മറ്റൊരു മലയാളി താരത്തെ കൂടി ടീമിലെത്തിച്ച് ഗോകുലം

അണ്ടര്‍ 17 ലോകകപ്പ് ക്യാമ്പില്‍ ഉണ്ടായിരുന്ന വയനാട്ടുകാരന്‍ അജിന്‍ ടോം ഗോകുലം കേരള എഫ് സിയുമായി കരാര്‍ ഒപ്പിട്ടു. ഇതിനു മുന്‍പ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഡെവെലപ്മെന്റല്‍ ടീമായ ഇന്ത്യന്‍ ആരോസില്‍ ആയിരിന്നു 20 വയസുള്ള അജിന്‍ ടോം ഐ ലീഗ് കളിച്ചത്. വയനാട് നടവയല്‍ സ്വദേശി ആണ് അജിന്‍ ടോം.

കഴിഞ്ഞ സീസണില്‍ 11 കളികളില്‍ ഇന്ത്യന്‍ ആരോസിനു വേണ്ടി അജിന്‍ കളിച്ചിരുന്നു. 2018-19 സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ ചെന്നൈയിന്‍ എഫ് സിയുടെ റിസേര്‍വ് ടീം കളിക്കാരന്‍ ആയിരിന്നു. അവര്‍ക്കു വേണ്ടി അജിന്‍ 13 മത്സരങ്ങള്‍ ഐ ലീഗ് സെക്കന്റ് ഡിവിഷനില്‍ കളിച്ചു.

കേരളത്തിന്റെ അണ്ടര്‍-14 ടീമിലെ ഭാഗമായ അജിന്‍, കല്യാണിയില്‍ നടന്ന നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിലൂടെയാണ് എ ഐ എഫ് എഫ് എലൈറ്റ് അക്കാഡമിയിലേക്കു തിരഞ്ഞെടുക്കപെടുന്നത്.

അജിന്‍ പിന്നീട് ഇന്ത്യയുടെ അണ്ടര്‍-16 ടീമിന്റെ ഭാഗമായി ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍-16 സാഫ് കപ്പ്, ബ്രസീലില്‍ നടന്ന ബ്രിക്‌സ് കപ്പ്, മെക്‌സിക്കോയില്‍ നടന്ന ഫോര്‍ നേഷന്‍സ് കപ്പ് എന്നിവയില്‍ പങ്കെടുത്തു. അണ്ടര്‍-17 വേള്‍ഡ് കപ്പിന്റെ ഭാഗമായ 24 അംഗ സാധ്യത ടീമില്‍ അജിന്‍ ടോം ഉണ്ടായിരിന്നു.

”മലബാറിലുള്ള ഗോകുലം എഫ് സിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട്. ചെറുപ്പം മുതലേ ഇ എം സ് സ്റ്റേഡിയത്തില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഗോകുലത്തിന്റെ ഇറ്റാലിയന്‍ കോച്ചിന്റെ കീഴില്‍ കുറെയേറെ പഠിക്കുവാന്‍ കഴിയും എന്നാണ് വിചാരിക്കുന്നത്,” അജിന്‍ ടോം പറഞ്ഞു.

”കേരളത്തിലെ താരങ്ങള്‍ക്കു കഴിയുന്നത്രെ അവസരം കൊടുക്കുവാന്‍ ആണ്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് അജിനെ പോലെയുള്ള താരങ്ങളെ സൈന്‍ ചെയുന്നത്. അജിന് എല്ലാവിധ ആശംസകളും ക്ലബ് നേരുന്നു,” ഗോകുലം കേരള എഫ് സി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.

You Might Also Like