ബ്ലാസ്റ്റേഴ്‌സ് പേടി, കൊച്ചിയിലേക്കല്ല, മറ്റൊരു സ്റ്റേഡിയത്തിലേക്ക് ചേക്കേറാന്‍ ഒരുങ്ങി ഗോകുലം

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വരവ് മുന്നില്‍ കണ്ട് മറ്റൊരു സ്‌റ്റേഡിയത്തിലേക്ക് പറിച്ച് നടാന്‍ ഒരുങ്ങി ഗോകുലം കേരള എഫ്‌സി. മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ആണ് ഗോകുലത്തിന്റെ ലക്ഷ്യം. ഇനി വരുന്ന ഐ ലീഗ് സീസണില്‍ ഒന്നിലധികം മത്സരങ്ങള്‍ പയ്യനാട് നടത്താനാണ് ഗോകുലം കേരള എഫ്സി കണക്കുകൂട്ടുന്നത്.
ഇതിനുള്ള അപേക്ഷയും ഗോകുലം സമര്‍പ്പിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പോര്‍ട്‌സ് കൗണ്‍സിലിനും ഗോകുലം കേരളയുടെ നീക്കത്തിന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
മലപ്പുറമാണ് ഗോകുലം കേരളയുടെ ഔദ്യോഗീക സ്ഥലമായി രേഖപ്പെടുത്തിയിരിക്കുന്നത്. മലപ്പുറത്ത് ഐ ലീഗ് നിയമങ്ങള്‍ പാലിക്കുന്ന സ്റ്റേഡിയം ഇല്ലാത്തതിനാലാണ് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം ഗോകുലം തങ്ങളുടെ ഹോം ഗ്രൗണ്ട് ആക്കിയത്. ഇപ്പോള്‍ കേരളബ്ലാസ്റ്റേഴ്സ് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം രണ്ടാം സ്റ്റേഡിയമായി പരിഗണിക്കുന്നുവെന്ന വിവരങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ഗോകുലത്തിന്റെ അടിയന്തരമായുള്ള ഈ നീക്കം.

ഒപ്പം, ഫുട്‌ബോള്‍ ആരാധകരുടെ കേന്ദ്രമായ മലപ്പുറത്ത് കളിക്കുന്നത് എന്തുകൊണ്ടും ടീമിന് ലാഭം മാത്രമേ നല്‍കു എന്ന വിലയിരുത്തലും നീക്കത്തിന് പിന്നിലുണ്ട്.
കഴിഞ്ഞ സീസണുകളിലും മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ മത്സരം നടത്താന്‍ ഗോകുലം കേരള ശ്രമിച്ചിരുന്നെങ്കിലും സൗകര്യങ്ങളുടെ അഭാവത്തില്‍ നടന്നിരുന്നില്ല. 30,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പയ്യനാട് സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റിന്റെ പണികള്‍ അവസാന ഘട്ടത്തിലാണ്. ആ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ ഐ ലീഗ് മത്സരങ്ങള്‍ക്കായുള്ള സജ്ജീകരണങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കാന്‍ കഴിയും. ഫെഡറേഷന്‍ കപ്പും സന്തോഷ് ട്രോഫി മത്സരങ്ങളും വിജയകരമായി നടത്തി ഇതിനു മുന്‍പും സ്റ്റേഡിയം വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു.