ഫുട്‌ബോള്‍ താരങ്ങള്‍ക്കായി ഗോകുലത്തിന്റെ സ്‌നേഹവീട്, കൈമാറ്റം തിങ്കളാഴ്ച്ച

മലപ്പുറം: ഗോകുലം കേരള എഫ് സി – എ ബി ബിസ്മി സാറ്റ് തിരൂര്‍ സൗഹൃദ മത്സരത്തിലൂടെ മലപ്പുറം ജില്ലാ ഫുട്‌ബോള്‍ കൂട്ടായ്മ സ്വരൂപിച്ച തുക ഉപയോഗിച്ചു നിര്‍മിച്ച ”സ്‌നേഹ വീട്” പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഫുട്‌ബോള്‍ താരങ്ങളായ സഹോദരങ്ങള്‍ക്കു തിങ്കളാഴ്ച്ച കൈമാറും. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ വെച്ചു ഒക്ടോബര്‍ 12 നു നടന്ന സൗഹൃദ മത്സരത്തില്‍ നിന്നും സമാഹരിച്ച തുകയായ ഒമ്പതു ലക്ഷം രൂപയും, ACTON എന്ന സംഘടന സംഭാവനയായി നല്‍കിയ ഒരു ലക്ഷത്തി എഴുപത്തിയേഴായിരം രൂപയും ചേര്‍ത്തു നിര്‍മിച്ചതാണ് 850 sq ft വിസ്തൃതി ഉള്ള ഈ സ്‌നേഹ വീട്.

കഴിഞ്ഞ വര്‍ഷത്തിലെ പ്രളയത്തില്‍ വീട് നഷ്ടമായ നിലബൂര്‍ സ്വദേശികളായ മൂന്നു ഫുട്‌ബോള്‍ കളിക്കാരായ സഹോദരങ്ങള്‍ക്കാണ് മലപ്പുറം ജില്ലാ ഫുട്‌ബോള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചത്. ഈ വീടിന്റെ താക്കോല്‍ ദാന ഉദ്ഘാടനം മലപ്പുറം ജില്ലാ കളക്ടര്‍ ശ്രീ കെ ഗോപാലകൃഷ്ണന്‍ IAS നിര്‍വഹിക്കും. ചടങ്ങില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം ഐ പി എസ്, മുഖ്യ അതിഥി ആയിരിക്കും.

ശ്രീ മോഹനചന്ദ്രന്‍ DYSP സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, മലപ്പുറം ഡിസ്ട്രിക്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ശ്രീ സുധീര്‍ എന്നിവര്‍ താക്കോല്‍ കൈമാറ്റ ചടങ്ങു നിര്‍വഹിക്കും.

വിശിഷ്ട അതിഥികള്‍ ആയി ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ശ്രീ ഗോകുലം ഗോപാലന്‍ , എ ബി ബിസ്മി സാറ്റിന്റെ സ്‌പോണ്‍സര്‍ അജ്മല്‍ ബിസ്മി എന്നിവര്‍ പങ്കെടുക്കും.

‘പ്രളയത്തിന്റെ ദുരിത കയത്തില്‍ നിന്നും ഈ സഹോദരങ്ങളെ കൈ പിടിച്ചു ഉയര്‍ത്താന്‍ നടത്തിയ ഉദ്യമത്തില്‍ ഞങ്ങള്‍ക്കും ഒരു ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ സഹോദരങ്ങളുടെ കഷ്ടപ്പാട് അറിഞ്ഞിട്ട് സഹായിച്ച ഫുട്‌ബോള്‍ പ്രേമികളും ഈ നന്മ നിറഞ്ഞ പ്രവര്‍ത്തിയുടെ ഭാഗമായി. ഫുട്‌ബോള്‍ മലപ്പുറത്തുകാര്‍ എന്നും നെഞ്ചില്‍ ഏറ്റുന്ന കളി ആണെന്നു ഒരിക്കല്‍ കൂടി ഓര്മപെടുത്തുന്നതാണ് ഈ പ്രവര്‍ത്തി,” ശ്രീ ഗോകുലം ഗോപാലന്‍ അഭിപ്രായപ്പെട്ടു.

വീട് നഷ്ടപെട്ട കുട്ടികള്‍ക്ക് വളരെ വേഗത്തില്‍ ഒരു വീട് നിര്‍മിച്ചു നല്‍കാനും അവര്‍ക്ക് ഒരു താങ്ങായി തീരുവാനും മലപ്പുറം ജില്ലയിലെ ഫുട്‌ബോള്‍ കൂട്ടായ്മയ്ക്ക് സാധിച്ചു. ഇതില്‍ ഏറെ സന്തോഷമുണ്ട്. ഇനിയും ഇത്തരം കൂട്ടായ്മകള്‍ സാമൂഹിക പ്രതിബദ്ധതയോടെ മുന്നോട്ടു വരണമെന്നും മുഖ്യ സംഘാടകന്‍ ആഷിഖ് കൈനിക്കര പറഞ്ഞു.

മുന്‍ ഫുട്‌ബോളര്‍ യു അബ്ദുല്‍ കരീം, സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ആഷിഖ് കൈനിക്കര, ACTON ചെയര്‍മാന്‍ Dr മുജീബ് റഹ്മാന്‍, ബാവ സൂപ്പര്‍ സ്റ്റുഡിയോ എന്നിവരും മലപ്പുറം ജില്ലയിലെ എല്ലാ ഫുട്‌ബോള്‍ പ്രേമികളും ചേര്‍ന്നിട്ടാണ് ഈ കൂട്ടായ്മ രൂപീകരിച്ചത്.

താക്കോല്‍ കൈമാറ്റം ഒഴികെ ബാക്കി എല്ലാ പരിപാടികളും Zoom മീറ്റിംഗ് വഴി ഓണ്‍ലൈന്‍ ആയിട്ടാണ് സംഘടിപ്പിക്കുന്നത്. Zoom meeting id: 95094486956, password: dpc2020

You Might Also Like