ആക്രമണകാരിയായ കോച്ച്, മലബാറിയന്‍സ് തല ഉയര്‍ത്തി തന്നെ കളിച്ചു

തേഡ് ഐ – കമാല്‍ വരദൂര്‍

സമ്മര്‍ദ്ദമെന്നത് മൈതാനത്ത് അപരിചിതമായ പദമല്ല. സമ്മര്‍ദ്ദത്തെ സമയോചിതം കൈകാര്യം ചെയ്യണമെന്നതാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. പക്ഷേ ഒരു സമ്മര്‍ദ്ദവും നിങ്ങളുടെ നിലപാടിനെ മാറ്റില്ലെങ്കിലോ…? അവിടെയാണ് 36 കാരനായ ഗോകുലത്തിന്റെ ഇറ്റാലിയന്‍ കോച്ച് വിസെന്‍സോ അനിസിനെ അഭിനന്ദിക്കേണ്ടത്.

15 മല്‍സരങ്ങളാണ് ടീം അദ്ദേഹത്തിന് കീഴില്‍ കളിച്ചത്. എല്ലാ മല്‍സരത്തിലും ഒരേ നിലപാട്-ആക്രമണം. ഇന്നലെ അവസാന മല്‍സരമായിരുന്നു. ആദ്യ പകുതിയില്‍ ടീം ഒരു ഗോളിന് പിറകില്‍. രണ്ടാം പകുതി 25 മിനുട്ട് പിന്നിടുമ്പോഴും ഈ കമ്മിയില്‍ തന്നെ ടീം. വിസെന്‍സോ ഓള്‍ ഔട്ട് ആക്രമണപാദയിലാണ്. പക്ഷേ ഗോള്‍ മാത്രം പിറക്കുന്നില്ല.

അവസാനം മുഹമ്മദ് ഷരിഫിന്റെ ഫ്രീകിക്ക് ഗോളാവുന്നു. സമനില കൈവരിച്ചിട്ടും കോച്ച് തന്റെ മുന്‍നിരക്കാരെ ചട്ടം കെട്ടുന്നു- ഓടിക്കയറാന്‍. എമില്‍ ബെന്നി രണ്ടാം ഗോള്‍ നേടുന്നു. ഡെന്നിസ് മൂന്നാം ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നു. മല്‍സരം അവസാനത്തിലേക്ക് പോവുമ്പോള്‍ സ്വാഭാവികമായും പ്രതിരോധ ജാഗ്രത എന്ന സമയോചിത തീരുമാനമായിരിക്കും പരിശീലകര്‍ കൈ കൊള്ളുക.

പക്ഷേ വിസെന്‍സോക്ക് മാറ്റമില്ല. അദ്ദേഹത്തിന്റെ മുന്‍നിരക്കാര്‍ അതാ വീണ്ടും ഗോള്‍ നേടുന്നു….. അങ്ങനെ നാല് ഗോളുകള്‍. നിര്‍ണായകമായ മല്‍സരത്തില്‍ ഗോളുകളേക്കാള്‍ സമീപനത്തില്‍ പരിശീലകരും ടീം മാനേജ്മെന്റും ജാഗ്രത പുലര്‍ത്തുമ്പോള്‍ ഇറ്റലിക്കാരന്‍ അതിന് മുതിര്‍ന്നില്ല.

ടീം ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയത് അവസാന മല്‍സരത്തില്‍. സ്വന്തം നിലപാടിന് വിസെന്‍സോക്ക്് പറയാന്‍ ന്യായമുണ്ട്-പ്രഹര ശേഷിക്കാരാണ് തന്റെ മുന്‍നിരക്കാരും മധ്യനിരക്കാരും. പന്ത് കിട്ടിയാല്‍ അവര്‍ ഊര്‍ജ്ജസ്വലരാവും. പ്രതിരോധത്തിലുന്നിയുളള ഗെയിം അവരെ പഠിപ്പിച്ചിട്ടില്ല.

വിസെന്‍സോക്ക് മാനേജ്മെന്റിന്റെ പൂര്‍ണ പിന്തുണയുണ്ട്. ടീം സി.ഇ.ഒ വി.സി പ്രവീണ്‍, ഗോകുലം ഗ്രൂപ്പ് തലവന്‍ ഗോകുലം ഗോപാലന്‍ തുടങ്ങിയവരാരും കോച്ചിന്റെ ഗെയിം പ്ലാനില്‍ ഇടപെടാറില്ല. പ്രൊഫഷണല്‍ ഫുട്ബോളിലെ വലിയ പാഠങ്ങള്‍ സ്വന്തം താരങ്ങള്‍ക്ക് വിസെന്‍സോ പറഞ്ഞ് കൊടുക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അതില്‍ പ്രധാനം തല താഴ്ത്താതിരിക്കലായിരുന്നു.

90 മിനുട്ടും പിന്നെ ഇഞ്ച്വറി സമയത്തിലും കളിയുണ്ട്. റഫറി ലോംഗ് വിസില്‍ മുഴക്കുന്നത് വരെ നിങ്ങള്‍ക്ക്് ജയിക്കാം തോല്‍ക്കാം. മലബാറിയന്‍സ് തല ഉയര്‍ത്തി തന്നെ കളിച്ചു-96 മിനുട്ടിലും. 96-ാം മിനുട്ടിലും ഗോള്‍ നേടാന്‍ കഴിഞ്ഞത് അത് കൊണ്ടാണല്ലോ….

You Might Also Like