ഗോകുലത്തില്‍ ചേരുന്നത് സ്വന്തം വീട്ടിലെത്തുന്നത് പോലെ, തുറന്ന് പറഞ്ഞ് മലയാളി താരം

Image 3
FootballISL

കേരളത്തില്‍ നിന്നുളള ഏക ഐലീഗ് ക്ലബ് ഗോകുലം എഫ്‌സിയുമായി കരാര്‍ ഒപ്പിടുന്നത് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്നത് പോലെയെന്ന് മലയാളി ഫുട്‌ബോള്‍ താരം ഫസലുറഹ്മാന്‍. കഴിഞ്ഞ ദിവസമാണ് ഫസലുറഹ്മാന്‍ ഗോകുലം കേരളയുമായി കരാര്‍ ഒപ്പിട്ടത്.

‘ഗോകുലത്തില്‍ ചേരുന്നത് എനിക്ക് എന്റെ വീട്ടില്‍ എത്തുന്നത് പോലെയാണ്, കാരണം അവിടത്തെ എല്ലാ മലയാളി കളിക്കാരേയും എനിക്ക് വളരെ അടുത്ത് അറിയാം’ ഫസലുറഹ്മാന്‍ പറയുന്നു. ഗോകുലത്തിനായി പന്ത് തട്ടാനാകുന്നതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് പറയുന്ന ഫസലുറഹ്മാന്‍ ഐലീഗില്‍ സ്ഥിരമായി കളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കൂട്ടിചേര്‍ത്തു.

മലപ്പുറം സ്വദേശിയായ ഫസലുറഹ്മാന്‍ ഇരുവിംഗുകളിലും കളിക്കുന്ന താരമാണ്. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി പന്ത് തട്ടിയിട്ടുളള താരം കേരള പ്രീമിയര്‍ ലീഗിലും ത്രുപുര ലീഗിലുമെല്ലാം കളിച്ചിട്ടുണ്ട്.

ത്രിപുര ലീഗിലെ ടോപ് സ്‌കോററായിരുന്നു ഫസലുറഹ്മാന്‍. സാറ്റ് തിരൂരിനായി കളിച്ച് പ്രെഫഷണല്‍ ഫുട്ബോളിലേക്ക് കാലെടുത്ത് വെച്ച ഫസലു ബാംഗ്ലൂര്‍ സൂപ്പര്‍ ഡിവിഷന്‍ ചാമ്പ്യന്‍സ് ആയ ഓസോണ്‍ എഫ് സിയിലും കളിച്ചിട്ടുണ്ട്. സാറ്റ് തീരൂരിനു വേണ്ടി താരം രണ്ടു സീസണുകളില്‍ ആയി 9 ഗോളുകള്‍ കേരള പ്രീമിയര്‍ ലീഗില്‍ സ്‌കോര്‍ ചെയ്തിരുന്നു.

ത്രിപുരയ്ക്കായാണ് സന്തോഷ് ട്രോഫിയില്‍ ഫസലുറഹ്മാന്‍ ബൂട്ടണിഞ്ഞത്. കേരളത്തിന്റെ ഭാവി താരങ്ങളില്‍ ഒരാളായാണ് ഫസലുവിനെ വിലയിരുത്തുന്നത്.