വിറച്ച് കൊല്‍ക്കത്തന്‍ കോട്ടകൊത്തങ്ങള്‍, എടികെയെ തകര്‍ത്ത് ഗോകുലവും

ഐ ലീഗ് കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ എഎഫ്‌സി. ഏഷ്യാകപ്പിലും തകര്‍പ്പന്‍ അരങ്ങേറ്റവുമായി ഗോകുലം കേരള എഫ്‌സി. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കരുത്തരായ എ.ടി.കെ. മോഹന്‍ ബഗാനെ തകര്‍ത്താണ് ഗോകുലം അരങ്ങേറ്റം ഗംഭീരമാക്കിയത്. കൊല്‍ക്കത്ത സാള്‍ട്ട്ലേക്കില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ ചരിത്ര ജയം.

ലൂക്ക മെയ്സന്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ റിഷാദും ജിതിന്‍ എം.എസുമാണ് ഗോകുലത്തിന്റെ മറ്റ് ഗോളുകള്‍ നേടിയത്. പ്രീതം കോട്ടാലും ലിസ്റ്റന്‍ കൊളാസോയുമാണ് എടികെയുടെ ഗോളുകള്‍ നേടിയത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. 50-ാം മിനിറ്റില്‍ ഗോകുലത്തിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ ലൂക്ക മെയ്സനാണ് ഗോളടി തുടങ്ങിവെച്ചത്. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ എടികെ ഗോള്‍ തിരിച്ചടിച്ചു. പ്രീതം കോട്ടാലാണ് എടികെയ്ക്കായി ആദ്യ ഗോളടിച്ചത്.

57-ാം മിനിറ്റില്‍ റിഷാദിലൂടെ ഗോകുലം ലീഡെടുത്തു. പിന്നാലെ 65-ാം മിനിറ്റില്‍ ജോര്‍ദെയ്ന്‍ ഫ്ളെച്ചറിന്റെ പാസ് വലയിലെത്തിച്ച മെയ്സന്‍ കളിയിലെ തന്റെ രണ്ടാം ഗോളും ഗോകുലത്തിന്റെ മൂന്നാം ഗോളും കണ്ടെത്തി. മത്സരം ഗോകുലം സ്വന്തമാക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ 80-ാം മിനിറ്റിലെ ഫ്രീ കിക്ക് വലയിലെത്തിച്ച ലിസ്റ്റന്‍ കൊളാസോ എടികെയ്ക്കായി രണ്ടാം ഗോള്‍ മടക്കി. പിന്നാലെ സമനില ഗോളിനായി എടികെ കിണഞ്ഞ് ശ്രമിക്കവെ 89-ാം മിനിറ്റില്‍ മലയാളി താരം ജിതിന്റെ ഗോളിലൂടെ ജയമുറപ്പിച്ചു.

എഫ്സി കപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് ഗോകുലം. എടികെയെ കൂടാതെ ബംഗ്ലാദേശ് ക്ലബ്ബ് ബഷുന്ധര കിങ്‌സ്, മാലദ്വീപ് ക്ലബ്ബ് മാസിയ എന്നിവയാണുള്ളത്. ഗ്രൂപ്പ് ജേതാക്കള്‍ക്ക് ഇന്റര്‍സോണ്‍ പ്ലേ ഓഫ് സെമിഫൈനലിലേക്ക് യോഗ്യത ലഭിക്കും. 21-ന് മാസിയക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

You Might Also Like