ഗോള്‍ കീപ്പിംഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ണ്ണായക നീക്കം, ഇനി പോളിഷ് തന്ത്രം

Image 3
FootballISL

ഐഎസ്എല്‍ ആറാം സീസണില്‍ 29 ഗോളുകള്‍ അടിച്ച് കൂട്ടിയ ബ്ലാസ്‌റ്റേഴ്‌സിന് പിഴച്ചത് പ്രതിരോധത്തിലും ഗോള്‍കീപ്പര്‍മാരുടെ ചോരുന്ന കൈകളിലുമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഗോളിമാരായ ടിപി രഹ്നേഷും ബിലാല്‍ ഖാനുമെല്ലും പന്ത് കൈപിടിയില്‍ ഒതുക്കാന്‍ പിഴവ് വരുത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

പുതിയ സീസണില്‍ ആ കുറവ് പരിഹരിക്കാനുളള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. അതിനായി പുതിയ ഗോള്‍ കീപ്പര്‍ കോച്ചിനെ നിശ്ചയിച്ചിരിക്കുകയാണ് മഞ്ഞപ്പട. പോളിഷ് സ്വദേശിയായ ബാര്‍ത്തോസ് ഗ്രോസാക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഗോള്‍ കീപ്പര്‍ പരിശീലകനാകുമെന്നാണ് സൂചന. ഒപ്പം മുന്‍ ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോണ്‍ ബരിഡ്ജ് ഗോള്‍ കീപ്പര്‍ കണ്‍സള്‍ട്ടന്റായി കൂടെയുണ്ടാകും.

നിലവില്‍ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ മൂന്ന് ഗോള്‍ കീപ്പര്‍മാരാണ് ഉളളത്. കഴിഞ്ഞ സീസണില്‍ ആരാധകര്‍ക്ക് സുപരിചിതനായ ബിലാല്‍ ഖാനും പ്രഭ്ശുക്കന്‍ സിംഗ് ഗില്ലും ആല്‍ബിനോ ഗോമസുമാണ് ബ്ലാസ്‌റ്റേഴ്‌സ് വലകാക്കാനുളളത്.

മറ്റൊരു മികച്ച ഗോള്‍ കീപ്പറെ കൂടി ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തിക്കണമെന്ന് ആരാധകരുടെ മുറവിളി ഉയരുന്നുണ്ട്. പുതിയ പരിശീലകന്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് കാണാം.