ഗോൾ ഓഫ് ദ ടൂർണമെന്റ്; അത്ഭുതഗോളിനു സാക്ഷിയായി സ്കോട്ലൻഡ്-ചെക്ക് റിപ്പബ്ലിക്ക് മത്സരം

സ്കോട്ലാൻഡിനെതിരായ യൂറോ കപ്പ് മത്സരത്തിൽ പാട്ട്രിക്ക് ഷിക്ക് നേടിയ ലോങ്ങ് റേഞ്ചർ ഗോൾ ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ഹോളണ്ടിനെതിരെ ഉക്രൈൻ താരം യാർമേലെങ്കോ നേടിയ തകർപ്പൻ ഗോൾ ഇത്തവണത്തെ ടൂർണമെന്റിലെ തന്നെ ഗോളാകുമെന്ന് ഫുട്ബോൾ ലോകം കണക്കാക്കിയപ്പോഴാണ് ചെക്ക് റിപ്പബ്ലിക്ക് സ്‌ട്രൈക്കറുടെ തകർപ്പൻ ഗോൾ ഫുട്ബോൾ ലോകത്തിന്റെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
മൈതാനത്തിന്റെ പാതിയിൽ നിന്നും ഗോൾ നേടിയെന്നത് മാത്രമല്ല അടിച്ച പന്ത് മഴവില്ല് പോലെ വളഞ്ഞു സ്കോട്ടിഷ് ഗോൾകീപ്പറെ നിഷ്പ്രഭമാക്കി വലയിൽ കയറിയതാണ് ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിനായി ആദ്യ ഗോൾ ഹെഡറിലൂടെ നേടിയതും ഇതേ താരം തന്നെയാണ്.
https://twitter.com/ExpertBetNet/status/1404446760370589702?s=09
സ്കോട്ടിഷ് താരം ജാക്ക് ഹെൻഡ്രിയുടെ ലോങ്ങ് റേഞ്ചർ ശ്രമം ചെക്ക് മധ്യനിരതാരം തോമസ് സൂചെക്കിന്റെ ദേഹത്ത് തട്ടി കളിക്കളത്തിന്റെ പാതിയിൽ നിന്നിരുന്ന സ്കിക്കിന് ലഭിക്കുകയായിരുന്നു. പെനാൽറ്റി ബോക്സിനു പുറത്തു നിന്നിരുന്ന സ്കോട്ലാൻഡ് ഗോൾ കീപ്പർ അപകടം തിരിച്ചറിഞ്ഞു ബോക്സിലേക്ക് തിരിച്ചെത്തും മുമ്പേ സ്‌കിക്ക് ഷോട്ട് തൊടുക്കുകയായിരുന്നു.
മഴവിൽ കണക്കെ വളഞ്ഞുയർന്ന പന്ത് കൃത്യമായി വലയിലെത്തുകയായിരുന്നു. ഷിക്കിന്റെ ഇരട്ടഗോളുകൾക്ക് ചെക്ക് റിപ്പബ്ലിക്ക് സ്കോട്ലൻഡിനെതിരെ വിജയം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.