താരങ്ങളും ടീമുകളും എത്തി, ഐഎസ്എല്‍ ആവേശത്തില്‍ ഗോവ

ഐഎസ്എല്‍ പ്രീസീസണായി ഗോവയിലേക്ക് ടീമുകളും താരങ്ങളും എത്തിതുടങ്ങി. നിലവിലെ ഐഎസ്എല്‍ ചാമ്പ്യന്മാരായ എ ടി കെ മോഹന്‍ ബഗാനാണ് പരിശീലനം ആരംഭിക്കാന്‍ വേണ്ടി ഗോവയിലേക്ക് എത്തിയ ആദ്യ ടീം. എന്നാല്‍ മറ്റ് ക്ലബുകളിലെ ഒറ്റപ്പെട്ട നിരവധി താരങ്ങളും ഇതിനോടകം ഗോയിലെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ താരങ്ങളാണ് തുടക്കത്തില്‍ ഗോവയില്‍ എത്തുന്നത്. ഗോവയില്‍ എത്തുന്ന താരങ്ങള്‍ ഒക്കെ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയമാകും. ഫലം നെഗറ്റീവ് ആയെന്ന് ഉറപ്പായാല്‍ മാത്രമെ പരിശീലനം ആരംഭിക്കാന്‍ പറ്റുകയുള്ളൂ.
വിദേശ താരങ്ങള്‍ എത്തിയാല്‍ നിര്‍ബന്ധമായും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും വേണം. ഇതിനുള്ള സൗകര്യങ്ങള്‍ ഗോവയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഗോവയിലെ ബെനൗലിം പരിശീലന ഗ്രൗണ്ടിലാണ് മോഹന്‍ ബഗാന്‍ താരങ്ങള്‍ പരിശീലനം നടത്തുക. ഗ്രൗണ്ട് ഇതിനായി പൂര്‍ണ്ണ സജ്ജമാണ്. മോഹന്‍ ബഗാന് പിന്നാലെ മറ്റു ടീമുകളും ഗോവയിലേക്ക് എത്തും. പരിശീലക സംഘങ്ങളും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്.
നവംബര്‍ 21 മുതല്‍ ആണ് ഇത്തവണത്തെ ഐ എസ് എല്‍ നടക്കുന്നത്. ടീമുകള്‍ക്കായി പ്രത്യേകം ബയോ സെക്യൂര്‍ ബബിള്‍ ആണ് ഗോവയില്‍ ഐഎസ്എള്‍ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.