ഓസീസ് തന്നത് ബംഗളൂരുവും തന്നു, ഫോമിന്റെ രഹസ്യം വെളിപ്പെടുത്തി മാക്‌സി

Image 3
CricketIPL

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായി കളിക്കുന്ന ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇത്തവണ പതിവില്ലാത്ത വിധം ഫോമിലാണ്. ഐപിഎല്ലിലെ നീണ്ട കാത്തിരിപ്പിനു ശേഷം കഴിഞ്ഞ ദിവസം അര്‍ധ സെഞ്ച്വറി സ്വന്തമാക്കാനും മാക്‌സ്‌വെല്ലിനായി. ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്താനുളള കാരണം കഴിഞ്ഞ ദിവസം മാക്‌സ് വെല്‍ വെളിപ്പെടുത്തി.

‘വളരെ നല്ല തുടക്കമാണ് പുതിയ ടീമായ ബംഗളൂരുവില്‍ നിന്ന് എനിക്കു ലഭിച്ചിരിക്കുന്നത്. അവര്‍ പ്രത്യേക റോള്‍ എനിക്കു നല്‍കിയിട്ടുണ്ട്. എനിക്കു പിന്നാലെ എബിഡിയാണ് ഇറങ്ങുന്നത്. ഇത് ബാറ്റിംഗില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു. ഓസീസ് ടീമിലും ഇതുപോലെ കൃത്യമായ റോളാണ് എനിക്കുള്ളത്’ മാക്‌സ്‌വെല്‍ പറയുന്നു.

കൂടാതെ കോഹ്ലിയുടെ സാന്നിധ്യവും ആത്മവിശ്വാസം നല്‍കുന്നതായി പറഞ്ഞ മാക്‌സ്‌വെല്‍ ഇതുപോലെയുള്ള കളിക്കാര്‍ ചുറ്റുമുള്ളത് വലിയ ഭാഗ്യമാണെന്നും വിലയിരുത്തുന്നു. ബംഗളൂരു തന്റെ നാലാമത്തെ ഐപിഎല്‍ ടീമാണെന്ന് പറഞ്ഞ മാക്‌സ് വെല്‍ മറ്റ് ഐപിഎല്‍ ടീമുകള്‍ തന്നെ ആശ്രയിക്കുന്നുവെന്ന സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്നും ഇപ്പോള്‍ അതില്ലെന്നും കൂട്ടിചേര്‍ത്തു.

ബാംഗ്ലൂരിനായി നിലവില്‍ നാലാം നമ്പരിലാണ് മാക്സ്വെല്‍ കളിക്കുന്നത്. കളിച്ച രണ്ട് മത്സരത്തിലും മാക്‌സ് വെല്‍ ഫോമായപ്പോള്‍ ബംഗളൂരു 2014ന് ശേഷം ഇതാദ്യമായി ആദ്യ രണ്ട് മത്സരവും ജയിച്ചിരുന്നു.

മുബൈക്കെതിരായ ആദ്യ മത്സരത്തില്‍ 39 റണ്‍സ് നേടിയ മാക്സി ഹൈദരാബാദിനെതിരായ രണ്ടാമത്തെ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. 41 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 59 റണ്‍സാണ് മാക്‌സി അടിച്ചെടുത്തത്. 40 ഇന്നിംഗ്‌സുകള്‍ക്കു ശേഷം ടൂര്‍ണമെന്റില്‍ മാക്സ്വെല്ലിന്റെ ആദ്യ അര്‍ദ്ധ സെഞ്ച്വറി നേട്ടമാണിത്.