അയാള്‍ സമ്പൂര്‍ണ്ണ ക്രിക്കറ്ററല്ല, ബാറ്റിംഗിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി കിവീസ് ഓള്‍റൗണ്ടര്‍
ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗ് പിഴവുകളിലേക്ക് വിരല്‍ ചൂണ്ട് മുന്‍ കിവീസ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്റ്റൈറിസ്. സമ്പൂര്‍ണ ബാറ്റര്‍ എന്ന് ഗില്ലിനെ നിലവില്‍ പറയാനാകില്ലെന്നാണ് സ്‌റ്റൈറിസ് തുറന്ന് പറയുന്നത്.
‘നിങ്ങള്‍ എല്ലായ്പ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. അവസാനത്തിലേക്ക് എത്തിയപ്പോഴും സച്ചിന്‍ തന്റെ ബാറ്റിങ്ങിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിനെ പോലെ ഇത്രയും ചെറുപ്പമായ ഒരു താരത്തെ സമ്പൂര്‍ണ കളിക്കാരന്‍ എന്ന് പറയാനാവില്ല. ഗില്ലിന്റെ ബാറ്റിങ്ങില്‍ ഒരുപാട് വിടവുകളുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്’ സ്‌കോട്ട് സ്റ്റൈറിസ് പറയുന്നു.
‘ചിന്താരീതിയും പക്വതയും നേതൃപാഠവവുമാണ് ഒരു ലോകോത്തര താരത്തെ സൃഷ്ടിക്കുന്നത്. ഗില്ലിന് അതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. രോഹിത്തിനും കെ എല്‍ രാഹുലിനും ധവാനും ഒപ്പം ഓപ്പണിങ്ങില്‍ ഗില്ലിനേയും ചേര്‍ത്ത് നിര്‍ത്താം’ സ്റ്റെറിസ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ അഭ്യന്തര ക്രിക്കറ്റില്‍ ഗില്ലിനെ പഞ്ചാബിന്റെ ക്യാപ്റ്റനാക്കണം എന്ന് ഇന്ത്യന്‍ മുന്‍ സെലക്ടര്‍ സാബാ കരിം പറഞ്ഞിരുന്നു. ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ട്വന്റി20 ലീഗില്‍ ഒരു ടീമിന്റെ നായക സ്ഥാനത്ത് ഗില്‍ എത്തും. പഞ്ചാബിനെ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നയിക്കുന്നത് ഗില്ലിന് ഉപകരിക്കും എന്നും സാബാ കരീം ചൂണ്ടിക്കാണിച്ചു. ഇതുമൂലം ഇന്ത്യയുടെ നായകനായി ഗില്ലിന് ഉയരാമെന്നാണ് സാബാ കരീം പറയുന്നത്.