അവരുമായി സാഹോദര്യ ബന്ധമെന്ന് സഞ്ജു, ചിലപ്പോള്‍ കര്‍ശനമായി ഇടപെടേണ്ട് വന്നെന്ന് ഗില്ലും

Image 3
CricketFeaturedTeam India

സിംബാബ്വെയ്ക്കെതിരായ അഞ്ച് ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ 42 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടി. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവനിരയാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത്. വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ വിരമിക്കലിന് ശേഷം യുവതാരങ്ങള്‍ക്ക് ഇതൊരു അഗ്‌നിപരീക്ഷയായിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും പിന്നീട് മികച്ച തിരിച്ചുവരവ് നടത്തി 4-1ന് പരമ്പര സ്വന്തമാക്കി.

ഹരാരെയില്‍ നടന്ന അവസാന മത്സരത്തില്‍ സഞ്ജു സാംസണ്‍ അര്‍ധസെഞ്ചുറി നേടുകയും മുകേഷ് കുമാര്‍ തന്റെ കരിയറിലെ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സഞ്ജു, ക്യാപ്റ്റന്‍ ശുഭ്്മാന്‍ ഗില്‍ തുടങ്ങിയ താരങ്ങള്‍ ഈ പരമ്പരയില്‍ നിന്ന് ലഭിച്ച അനുഭവത്തെക്കുറിച്ച് വാചാലരായി. ഗില്ലിന് ക്യാപ്റ്റനെന്ന നിലയിലുള്ള ആദ്യ പരമ്പര വിജയമായിരുന്നു ഇത്. സിംബാബ്വെയിലെ നായകനെന്ന നിലയിലുളള പരമ്പര നേട്ടം ഗില്‍ ‘അത്ഭുതകരം’ എന്നാണ് വിശേഷിപ്പിച്ചത്.

‘ചില സമയങ്ങളില്‍ നമ്മള്‍ കാര്യങ്ങള്‍ കര്‍ശനമാക്കേണ്ടതുണ്ട്, അത് പ്രധാനമാണ് (Kabhi kabhi thoda tight karney ka time hota hai to tight karna bhi zaroori hai). ഞാന്‍ ഈ കളിക്കാരുമായി പല പ്രായ വിഭാഗങ്ങളിലും കളിച്ചിട്ടുണ്ട്, അത് ക്യാപ്റ്റന്‍ എന്ന നിലയില്‍ എന്റെ ജോലി എളുപ്പമാക്കി,’ ഗില്‍ ബിസിസിഐ ടിവിയോട് പറഞ്ഞു.

‘സിംബാബ്വെയിലാണ് ഞാന്‍ എന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. ഇവിടെ ആദ്യമായി ക്യാപ്റ്റനാവുകയും പരമ്പര വിജയിക്കുകയും ചെയ്തത് തീര്‍ച്ചയായും എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഈ പരമ്പരയെ ഒരു വാക്കില്‍ സംഗ്രഹിക്കണമെങ്കില്‍, അത് ‘അതിശയകരം’ എന്നായിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരം വിജയിക്കാനായതില്‍ സഞ്ജു സാംസണും സന്തോഷം പ്രകടിപ്പിച്ചു. ‘മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഞങ്ങള്‍ പരുങ്ങി നിന്ന സമയത്ത്, റിയാനുമായി ഒരു കൂട്ടുകെട്ട് ഉണ്ടാക്കുക എന്നത് എനിക്ക് വളരെ പ്രധാനമായിരുന്നു. ഞങ്ങള്‍ അത് നേടി, മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ പര്യാപ്തമായ ഒരു സ്‌കോര്‍ നേടാനും കഴിഞ്ഞു. ഞങ്ങളുടെ ബൗളര്‍മാര്‍ ശരിക്കും മികച്ച പ്രകടനം കാഴ്ചവെച്ചു,’ സഞ്ജു പറഞ്ഞു.

യുവതാരങ്ങളുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും സഞ്ജു വാചാലനായി. ഐപിഎല്ലിലെ പരിചയസമ്പന്നരായ കളിക്കാരുമായി കളിച്ചതിലൂടെ ലഭിച്ച പാഠങ്ങള്‍ അവരെ വിശ്വസിക്കാനും പിന്തുണയ്ക്കാനും തന്നെ പ്രാപ്തനാക്കിയെന്ന് സഞ്ജു പറഞ്ഞു.

‘തമ്മില്‍ ഒരു ബന്ധം സ്ഥാപിക്കുമ്പോഴാണ് ആളുകള്‍ നിങ്ങളോട് തുറന്നു സംസാരിക്കുന്നത്. അതിനാല്‍ അവര്‍ വന്ന് എന്നോട് ചോദിക്കുന്ന തരത്തില്‍ ഞാന്‍ അവരോട് പെരുമാറേണ്ടത് വളരെ പ്രധാനമാണ്. അത് പരസ്പരം ഒരു സഹോദരനെപ്പോലുള്ള ബന്ധമാണ്,’ സഞ്ജു പറഞ്ഞു നിര്‍ത്തി.