പതിനെട്ടു വയസ്? അപ്പോഴേക്കും ഇങ്ങനെ ഡൈവ് ചെയ്യാമോ? അൻസു ഫാറ്റിക്കെതിരെ രോഷാകുലനായി വിവാദതാരം അലൻ നിയോം

Image 3
FeaturedFootballLa Liga

ഗെറ്റാഫെക്കെതിരായ മത്സരത്തിൽ അവരുടെ തട്ടകത്തിൽ വെച്ച് എതിരില്ലാത്ത ഒരു ഗോളിനു ബാഴ്സലോണ തോൽവി  രുചിച്ചിരുന്നു. എന്നാൽ മത്സരത്തിൽ ഫൗളുകൾ കൊണ്ട് വിവാദനായകരായത് ഗെറ്റാഫെ താരം അലൻ നിയോമും ഒപ്പം മത്സരം നിയന്ത്രിച്ച റഫറിയുമായിരുന്നു. റെഡ് കാർഡ് അർഹിച്ചിരുന്ന അലൻ നിയോമിനു അനുകൂലമായ റഫറിയുടെ വിവാദപരമായ തീരുമാനങ്ങൾ കൊണ്ട് കലുഷിതമായിരുന്നു ബാഴ്സ ഗെറ്റാഫെ മത്സരം.

മെസിയെ കൈമുട്ടുകൊണ്ട് കുത്തിയതിനു നിയോമിനെതിരെ ഒരു മഞ്ഞകാർഡ് പോലും കാണിക്കാൻ റഫറി തയ്യാറായില്ല. പിന്നീട് നിയോമിന് മഞ്ഞകാർഡ് ലഭിച്ചുവെങ്കിലും ഈ സമയം കൊണ്ടു തന്നെ നിയോമിന് റെഡ് കാർഡ് അർഹിച്ചിരുന്നു. മെസിക്കെതിരായ ഫൗളിന് വീഡിയോ റഫറിയിങ്ങിനു പോലും പോവാതെ ഫ്രീകിക്ക് നൽകുകയായിരുന്നു റഫറിയായിരുന്ന സോട്ടോ ഗ്രാഡോ.

പിന്നീട് പെനാൽറ്റി ബോക്സിൽ അൻസു ഫാറ്റിയെ വീഴ്ത്തിയതിനും നിയോമിനെതിരെ റഫറി മൗനം പാലിക്കുകയായിരുന്നു. കൈമുട്ടു കൊണ്ട് അൻസു ഫാറ്റി നിലത്തുവീഴുകയായിരുന്നു. എന്നാൽ രോഷാകുലനായ നിയോം നിലത്തു വീണുകിടന്ന അൻസു ഫാറ്റിയോട് കയർക്കുകയാണുണ്ടായത്. “പതിനെട്ടു വയസേയുള്ളൂ. അപ്പോഴേക്കും ഇങ്ങനെ ഡൈവ് ചെയ്യുകയാണോ? പതിനെട്ടു വയസ്സ്? ” നിയോം രോഷാകുലനായി ഉറക്കെ പറഞ്ഞു.

എന്നാൽ അൻസു ഫാറ്റിയോട് നിയോം ചെയ്തത് ഫൗൾ ആണെന്നാണ് സ്പാനിഷ് മാധ്യമമായ എഎസിന്റെ റെസിഡന്റ് റഫറിയായ ഇറ്റുരാൽഡെ ഗോൻസാലസിന്റെ പ്രതികരണം. “നിയോമിന്റെ കൈ അൻസു ഫാറ്റിയുടെ മുഖത്തിടിക്കുകയാണുണ്ടായത്. അതിന്റെ ഒരാവശ്യമുണ്ടായിരുന്നില്ല. അതൊരു പെനാൽറ്റിയായിരുന്നു.” ഗോൺസാലസ് വ്യക്തമാക്കി. റഫറിയുടെ ഇത്തരത്തിലുള്ള വിവാദപരമായ തീരുമാനങ്ങൾക്കെതിരെ വൻവിമർശനമാണ് ഉയർന്നിരിക്കുന്നത്. ബാഴ്സയുടെ മുൻ പ്രസിഡന്റായിരുന്ന ജൊവാൻ ലപോർട്ടയും ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു.

.