ഫുട്‌ബോള്‍ ലോകത്തിന് വഴികാട്ടി ജര്‍മ്മനി, ലാലിഗയും ഇപിഎല്ലും പുനരാരംഭിക്കുന്നു
ഒടുവില്‍ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന വാര്‍ത്തയെത്തി. ജര്‍മനിയിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലിഗ ഈ മാസം പകുതിയോടെ പുനരാരംഭിക്കും. ഇതിനുളള അനുമതി ജര്‍മന്‍ സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. ക്ലബ്ബ് അധികൃതരും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തമ്മിലുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ലീഗ് ഈ മാസം പകുതിയോടെ പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചത്.
മെയ് 16ന് ഒന്നാം ഡിവിഷന്‍, രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍ നടത്തുക. ജൂണ്‍ അവസാനത്തോടെ ലീഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജര്‍മനിയില്‍ ഫുട്‌ബോള്‍ ലീഗുകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി ആദ്യ രണ്ട് ഡിവിഷനുകളിലെ 36 ക്ലബ്ബുകളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ 10 പേര്‍ക്കു കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഇതു കളിയെ ബാധിക്കില്ല. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് കളിക്കാര്‍ ക്വാറന്റൈന്‍ കാലവാധി പൂര്‍ത്തിയാക്കണമെന്ന നിബന്ധനയും ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഇളവു ചെയ്തിട്ടുണ്ട്.
ക്ലബ്ബുകളുടെ പരിശോധനാശേഷി കണക്കിലെടുത്താണ് ക്വാറന്റൈന്‍ കാലാവധിയില്‍ ഇളവ് നല്‍കിയത്. കളിക്കാരില്‍ കൊവിഡ് പരിശോധനകള്‍ പതിവായി നടത്തുന്നതിനാല്‍ ക്വാറന്റൈനില്‍ ഇരിക്കേണ്ടതില്ലെന്നാണ് മെര്‍ക്കലിന്റെ അഭിപ്രായം.
ഒമ്പത് വീതം മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിനെക്കാള്‍ നാലു പോയന്റ് ലീഡുള്ള ബയേണ്‍ മ്യൂണിക്കാണ് ലീഗില്‍ ഇപ്പോള്‍
ബുണ്ടസ് ലീഗക്ക് പിന്നാലെ യൂറോപ്പിലെ മറ്റ് പ്രധാന ലീഗുകളും പുനരാരാംഭിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. സ്പാനിഷ് ലാ ലിഗയില്‍ കളിക്കാര്‍ക്ക് ഈയാഴ്ച മുതല്‍ വ്യക്തിഗത പരിശീലനത്തിന് അനുമതി കിട്ടിയിട്ടുണ്ട്. ലോകകപ്പ് പോലെ കുറച്ചു വേദികള്‍ മാത്രം തിരഞ്ഞെടുത്ത് പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം അവിടെ നടത്തുക എന്നതാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകള്‍ ആലോചിക്കുന്നത്.