സിറ്റിക്കെതിരെ വീണ്ടും ഗുരുതര ആരോപണം, ചാമ്പ്യന്‍സ് ലീഗ് കളിക്കാനുളള സാധ്യത തുലാസില്‍

Image 3
FeaturedFootball

ചാമ്പ്യന്‍സ് ലീഗ് വിലക്ക് നീക്കി കോര്‍ട്ട് ഓഫ് ആര്‍ബ്രിട്രേഷന്‍ സിറ്റിക്കനുകൂലമായി പുറപ്പെടുവിച്ച വിധി തെറ്റാണെന്നു തെളിയിക്കുന്ന രേഖകള്‍ തങ്ങളുടെ കയ്യിലുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ജര്‍മന്‍ ദിനപത്രമായ ഡെര്‍ സ്പീഗല്‍. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി ഡെല്‍ സ്പീഗല്‍ മാധ്യമത്തിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായി നിക്ഷേധിക്കുകയാണ്.

തങ്ങളെ വീണ്ടും കോടതി കയറ്റാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ജര്‍മ്മന്‍ പത്രത്തിന്റെ നീക്കമെന്നാണ് സിറ്റി പറയുന്നത്.

ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചതിന് സിറ്റിയെ രണ്ടു വര്‍ഷത്തേക്ക് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നതിനു യുവേഫ വിലക്കേര്‍പ്പെര്‍പ്പെടുത്തിയിരുന്നു. ഇതാണ് അടുത്തിടെ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന് നീക്കിയത്. ഉടമ നടത്തിയ അധിക നിക്ഷേപങ്ങള്‍ സ്‌പോണ്‍സറില്‍ നിന്നുള്ളതാണെന്ന് സിറ്റി തെറ്റിദ്ധരിപ്പിക്കുകയും ഇക്കാര്യത്തിലെ അന്വേഷണങ്ങള്‍ക്ക് സഹകരിക്കാതിരക്കുകയും ചെയ്തതോടെയാണ് സിറ്റിയെ യുവേഫ രണ്ടു വര്‍ഷത്തേക്ക് വിലക്കിയത്.

എന്നാല്‍ വിലക്കു നീക്കികൊണ്ടുള്ള വിധി തെറ്റാണെന്നും കേസിനാധാരമായ ഫുട്‌ബോള്‍ ലീക്‌സ് വെളിച്ചത്തു കൊണ്ടുവന്ന ഏഴു ഇമെയിലുകള്‍ക്ക് പുറമെ പുതിയ ഇമെയിലുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അത് ഈ വിധിയെ അസാധുവാക്കുന്ന തെളിവുകളാണെന്നും ഡെര്‍ സ്പീഗല്‍ ചൂണ്ടികാണിക്കുന്നുണ്ട്. ഇമെയിലുകളുടെ ഉള്ളടക്കം ഇവര്‍ വ്യക്തമാക്കുന്നില്ലെങ്കിലും സിറ്റി ഗുരുതരക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്ന് ആരോപിക്കുന്നുണ്ട്.

എന്നാല്‍ വിധി വന്ന ഒരു കേസിനെ ആസൂത്രിത നീക്കങ്ങളിലൂടെ വീണ്ടും പരസ്യമായ വിസ്താരത്തിനു കളമൊരുക്കുകയാണ് ഡെര്‍ സ്പീഗല്‍ ചെയ്യുന്നതെന്നും വളരെ വസ്തുതാപരമായി കൈകൊണ്ട വിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണിവര്‍ ചെയ്യുന്നതെന്നും സിറ്റി വാര്‍ത്ത കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. ഇത് ക്ലബ്ബിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്ന നീക്കമാണെന്നും സിറ്റി കുറ്റപ്പെടുത്തി.