ലെവൻഡോവ്സ്‌കി മെസിയെക്കാൾ മികച്ചവൻ, ബാഴ്‌സയ്ക്ക് മുന്നറിപ്പ്

ബാഴ്സയും ബയേണും ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടാനൊരുങ്ങുന്നതോടെ ആരു മുന്നേറും ആരാണ് മികച്ചതെന്നുമുള്ള വാഗ്‌വാദങ്ങൾ ഫുട്ബോൾ ലോകത്തുയരുന്നുണ്ട്. മെസ്സിയെക്കാൾ മികച്ചവൻ ലെവന്റോസ്ക്കി ആണെന്നും ക്വാർട്ടറിൽ താരം അത് തെളിയിക്കുമെന്നു പറഞ്ഞ് തോമസ് മുള്ളർ അതിനു തുടക്കം കുറിച്ചു. ഇപ്പോൾ ഇതേ അഭിപ്രായവുമായി മുൻ ജർമ്മൻ-ബയേൺ ഇതിഹാസം ലോതർ മതെയൂസ് രംഗത്ത് വന്നിരിക്കുകയാണ്.

നിലവിൽ മെസ്സിയെക്കാൾ എന്ത് കൊണ്ടും മികച്ചവൻ ലെവൻഡോവ്സ്കിയാണെന്നാണ് അദ്ദേഹം അഭിപ്രായപെട്ടത്. ബാഴ്സയിപ്പോൾ പഴയ ബാർസയല്ലെന്നും മെസ്സി ഉള്ളത് കൊണ്ട് ബാഴ്സക്ക് ബയേണിനെ മറികടക്കാൻ സാധിക്കില്ലെന്നും മതെയൂസ് അഭിപ്രായപ്പെട്ടു. ജർമൻ മാധ്യമമായ ബിൽഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരത്തെയാണ് മെസ്സി നേരിടാൻ പോവുന്നത്. ആ താരം റോബർട്ട്‌ ലെവന്റോസ്ക്കിയാണ്. അദ്ദേഹം മികച്ച മുന്നേറ്റതാരം മാത്രമാണെന്ന് കരുതരുത്. ലോകത്തിലെ തന്നെ മികച്ച താരമാണ്. പണ്ടുണ്ടായിരുന്ന ബാഴ്സയല്ല അവരിപ്പോൾ. തീർച്ചയായും അവർക്ക് മെസ്സിയുണ്ട്. അദ്ദേഹം ബുദ്ധിശാലിയുമാണ്.”

“പക്ഷെ അദ്ദേഹം ഉള്ളത് കൊണ്ട് ബയേണിനെ തോൽപ്പിക്കാമെന്ന് ആരും കരുതണ്ട. അദ്ദേഹത്തെ കാണിച്ചു കൊണ്ട് ബാഴ്സ ഞങ്ങളെ പേടിപ്പിക്കുകയും വേണ്ട ” മതെയൂസ് മുന്നറിയിപ്പു നൽകി. നിലവിൽ ചാമ്പ്യൻസ് ലീഗിലെ കണക്കുകൾ എടുത്തു നോക്കിയാൽ ലെവൻഡോവ്സ്കി തന്നെയാണ് മെസ്സിക്ക് മുകളിലുള്ളത് . ഈ ചാമ്പ്യൻസ് ലീഗിൽ ലെവന്റോസ്ക്കി പതിമൂന്നു ഗോളുകൾ നേടിയപ്പോൾ മെസ്സിക്ക് നേടാൻ കഴിഞ്ഞത് മൂന്നെണ്ണം മാത്രമാണ്. എന്നിരുന്നാലും നാപോളിക്കെതിരെ മിന്നുന്ന പ്രകടനം നടത്തിയ മെസ്സി ബയേണിനെതിരെ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

You Might Also Like